യുഎഇയിലെ പുതുവത്സരാഘോഷം ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് അബുദാബി 
Pravasi

യുഎഇയിലെ പുതുവത്സരാഘോഷം ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് അബുദാബി

ഫെസ്റ്റിവലിൽ 53 മിനിറ്റ് "നോൺ സ്റ്റോപ്പ്' വെടിക്കെട്ട്

Megha Ramesh Chandran

അബുദാബി: പുതുവത്സരത്തെ വരവേൽക്കാൻ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് 53 മിനിറ്റ് "നോൺ സ്റ്റോപ്പ്' വെടിക്കെട്ടുമായി അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ. ആറ് പുതിയ ഗിന്നസ് ലോക റെക്കോർഡുകൾ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കരിമരുന്ന് പ്രയോഗം, ഡ്രോൺ ഷോകൾ, ലൈറ്റ്, ലേസർ ടെക്നോളജി ഡിസ്പ്ലേകൾ എന്നിവ ഒരുക്കുന്നത്.

വെടിക്കെട്ട് വൈകുന്നേരം 6 മണിക്ക് ആരംഭിക്കും. അർദ്ധരാത്രി വരെ ഓരോ മണിക്കൂറിന്‍റെയും തുടക്കത്തിലാണ് വെടിക്കെട്ട് നടത്തുന്നത്. പ്രധാന വെടിക്കെട്ടിന് മുൻപ് രാത്രി 11:40 ന്, 6,000 ഡ്രോണുകൾ ഉൾക്കൊള്ളുന്ന 20 മിനിറ്റ് ദൈർഘ്യമുള്ള ഡ്രോൺ ഷോ അൽ വത്ബയുടെ ആകാശത്ത് വിസ്മയം തീർക്കും.

മാനത്ത് ചലിക്കുന്ന ചിത്രങ്ങൾ വരക്കും. ഇവയിൽ, 3,000 ഡ്രോണുകൾ ആകാശത്ത് "ഹാപ്പി ന്യൂ ഇയർ' എന്ന വാചകം രൂപപ്പെടുത്തും. എമിറേറ്റ്‌സ് ഫൗണ്ടൻ സ്റ്റേജ് സന്ദർശകർക്കായി നൂതന പ്രകാശവും ലേസർ സാങ്കേതികവിദ്യയും സംയോജിപ്പിച്ച് 80 ലേസർ ഉപകരണങ്ങൾ ഉപയോഗിച്ച് അൽ വത്‌ബ ആകാശത്തെ പ്രകാശിപ്പിക്കും.

ഇതോടൊപ്പം 100,000 ബലൂണുകൾ ആകാശത്തേക്ക് പറത്തിവിടുകയും ചെയ്യും. പുതുവത്സര രാവിൽ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലേക്കുള്ള ഗേറ്റുകൾ ഉച്ചയ്ക്ക് 2 മണിക്ക് തുറക്കും. വേദി പൂർണ ശേഷിയിൽ എത്തിയാൽ പിന്നീട് ആർക്കും പ്രവേശനം അനുവദിക്കില്ലെന്നും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് ഉചിതമെന്നും അധികൃതർ അറിയിച്ചു.

ആഘോഷത്തിന്‍റെ ഭാഗമായി ഹെറിറ്റേജ് വില്ലേജ് സ്‌ക്വയർ, ഡിപ്പാർട്ട്‌മെന്‍റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം - അബുദാബി പവലിയൻ, മറ്റ് ഉത്സവ മേഖലകൾ ‌എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 2 മണിക്ക് പരമ്പരാഗത ബാൻഡുകളുടെ പ്രകടനങ്ങൾ അരങ്ങേറും.

പൊലീസ് ബാൻഡ് സംഗീതത്തിന് പുറമേ 600 കലാകാരന്മാർ ഉൾപ്പെടുന്ന മറ്റ് പരമ്പരാഗത കലകളും അൽ-അയ്യാല, അൽ-റസ്ഫ, അൽ-നദ്ബ നൃത്തങ്ങളും അവതരിപ്പിക്കും.

ഇന്ത്യ തകർത്ത ഭീകര കേന്ദ്രങ്ങൾ പാക്കിസ്ഥാൻ പുനർനിർമിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

രാഹുലിനെതിരായ പരാതി ഡിജിപിക്ക് കൈമാറി കെപിസിസി

റിയാൻ പരാഗിന്‍റെ അസമിനെതിരേ സർഫറാസ് ഖാന് സെഞ്ചുറി; മുംബൈയ്ക്ക് ജയം

തദ്ദേശ തെരഞ്ഞെടുപ്പ്; പൊതു അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ്