അക്കാഫ് സ്പോർടെക്സ് ആവേശഭരിതമായി സംഘടിപ്പിച്ചു

 
Pravasi

അക്കാഫ് സ്പോർടെക്സ് ആവേശഭരിതമായി സംഘടിപ്പിച്ചു; വിവിധ കോളജ് അലുംനികളുടെ മാർച്ച് പാസ്റ്റ് ശ്രദ്ധേയമായി

വേണു രാജാമണി മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു

Jisha P.O.

ദുബായ്:- അക്കാഫ് അസോസിയേഷൻ സംഘടിപ്പിച്ച അക്കാഫ് സ്പോർടെക്സ് വൈവിധ്യമാർന്ന കായിക മത്സരങ്ങളോടെ നടത്തി. ഖിസൈസിലെ വുഡ്ലേം പാർക്ക് സ്കൂളിലായിരുന്നു ഇക്കഴിഞ്ഞ ദിവസം അക്കാഫിന്‍റെ സ്പോർടക്ക്സ് അരങ്ങേറിയത്. വിവിധ കോളജ് അലുംനികളുടെ സജീവ പങ്കാളിത്തം കൊണ്ട് സ്പോർടെക്സ് ശ്രദ്ധേയമായി. സർവകലാശാല കായിക മേളയുടെ അതേ നിലവാരത്തിലായിരുന്നു പല മത്സര ഇനങ്ങളും അരങ്ങേറിയത്. നൂറു കണക്കിന് കായിക താരങ്ങളായിരുന്നു വിവിധ കോളജ് അലുംനികളെ പ്രതിനിധീകരിച്ച് മത്സരിക്കാൻ എത്തിയത്.

ക്യാമ്പസ് വിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പോരാട്ട വീര്യത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല മുൻ കാല താരങ്ങൾക്ക്. അന്നത്തെ അതേ ആവേശത്തോടെയായിരുന്നു മിക്കവരും മൈതാനത്തിൽ പോരാടിയത്. രാവിലെ നടന്ന മാർച്ച് പാസ്റ്റിൽ വിവിധ കോളജ് അലുമിനി അസോസിയേഷനുകൾ ചിട്ടയോടെയും കോളജുകളുടെ പതാകയും യൂണിഫോമും ധരിച്ച് അണിനിരന്നത് പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു.

മുൻ നെതർലാൻഡ് അംബാസഡറും ഇന്ത്യൻ രാഷ്ട്രപതിയുടെ മുൻ പ്രസ് സെക്രട്ടറിയുമായിരുന്ന വേണു രാജാമണി മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു. മാർച്ച് പാസ്റ്റിൽ പങ്കെടുത്ത ടീമുകളുടെ അണിനിരത്തലിനെയും സംഘാടകരുടെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. പ്രസിഡന്‍റ് പോൾ.ടി.ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്റ് ലക്ഷ്മി അരവിന്ദ്, ഡയറക്ടർ ബോർഡ് മെമ്പർമാരായ ഗിരീഷ് മേനോൻ, വിൻസന്‍റ് വലിയ വീട്ടിൽ, സി.എൽ മുനീർ, അക്കാഫ് സ്പോർട്സ് ക്ലബ്ബ് കൺവീനർ രമേഷ് കെ.എ, കോർഡിനേറ്റർ സി പി കെ മുഹമ്മദ്, സ്പോർടെക്സ് ജനറൽ കൺവീനർ ജയഹരി ഗോപൻ, ജോയിന്റ് ജനറൽ കൺവീനർമാരായ ശരൺ കെ എസ്, ഫെബിന അമീർ എന്നിവർ സംസാരിച്ചു.

തുടർന്ന് വിവിധ കായിക മത്സരങ്ങൾ അരങ്ങേറി. ട്രാക്ക് & ഫീൽഡ് ഇനങ്ങൾ, ടീം ഗെയിമുകൾ, വിനോദ മത്സരങ്ങൾ എന്നിവയിൽ നൂറിലേറെ മെമ്പർ കോളജ് അലുംനി അംഗങ്ങളാണ് പങ്കെടുത്തത്. കബഡിയിൽ തൃശൂർ ചിന്മയമിഷൻ കോളജ് അലുമിനി, വോളിബോളിൽ തളിപ്പറമ്പ് സർ സയ്യിദ് കോളജ് അലുംനി, വടംവലി പുരുഷ-വനിതാ മത്സരത്തിൽ എം ഇ എസ് കോളജ് (മെസ്പ) പൊന്നാനി എന്നിവർ ചാമ്പ്യന്മാരായി. കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കുട്ടനാട് ഓവറോൾ ചാംപ്യൻഷിപ്പ് കരസ്ഥമാക്കി. എം ഇ എസ് കോളജ് ഓഫ് എഞ്ച്നീയറിംഗ് കുറ്റിപ്പുറം, തളിപ്പറമ്പ് സർ സയ്യിദ് കോളജ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

സംഘടകരുടെ കൃത്യമായ ഏകോപനവും വോളണ്ടിയർമാരുടെ സജീവ പിന്തുണയും പരിപാടിയുടെ വിജയത്തിൽ നിർണായകമായി. കുടുംബങ്ങളുടെയും കുട്ടികളുടെയും സാന്നിധ്യം ഒരു അക്കാഫ് സ്പോർടെക്സിൽ കുടുംബസംഗമത്തിന്‍റെ ആവേശം സൃഷ്ടിച്ചു.

മാലിന്യം തള്ളുന്നവരെ പിടിക്കാൻ പുതിയ സംവിധാനം

സഞ്ജു ടോപ് സ്കോറർ, ചെന്നൈക്ക് രണ്ടാം ജയം

കുംഭമേള പെൺകുട്ടിക്ക് 18 തികഞ്ഞെന്ന് ആവർത്തിച്ച് പൊലീസ്

മാർപ്പാപ്പയ്ക്കെതിരായ ട്രംപിന്‍റെ വിമർശനം: അമെരിക്കൻ ബിഷപ്പുമാർക്ക് പ്രതിഷേധം

സർക്കാർ വക ചായ സത്കാരങ്ങൾക്ക് ചായ പാടില്ല!