ദുബായ് ഡ്രൈവിങ്ങ് സ്കൂളുകളിൽ ഇനി എഐ ക്യാമറകൾ: നിരീക്ഷണം ശക്തമാക്കി ആർടിഎ
ദുബായ്: ദുബായിലെ ഡ്രൈവിങ് സ്കൂൾ വാഹനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിത ക്യാമറകൾ ഉപയോഗിച്ചുള്ള സ്മാർട്ട് മോണിറ്ററിങ് സംവിധാനം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി കർശനമാക്കി. ഡ്രൈവിങ് പരിശീലന രംഗത്തെ ഗുണനിലവാരവും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനൊപ്പം റോഡ് സുരക്ഷ ഉറപ്പാക്കുകയുമാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ലൈസൻസിങ് ഇന്‍റലിജന്‍റ് ഓപ്പറേഷൻസ് സെന്‍ററിന്‍റെ കീഴിലാണ് ഈ തത്സമയ നിരീക്ഷണ സംവിധാനം പ്രവർത്തിക്കുന്നത്.
പരിശീലന വാഹനങ്ങൾക്കുള്ളിൽ ഇൻസ്ട്രക്ടർമാരുടെയും ട്രെയിനികളുടെയും പെരുമാറ്റം 24 മണിക്കൂറും നിരീക്ഷിക്കാൻ ശേഷിയുള്ളതാണ് ഈ എഐ ക്യാമറകൾ.
ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, നിശ്ചയിച്ചിട്ടുള്ള പരിശീലന മേഖലയ്ക്ക് പുറത്തേക്ക് വാഹനം ഓടിക്കൽ എന്നിവ ഈ സംവിധാനം വഴി ഉടനടി കണ്ടെത്താനാകും.
ഇതിനുപുറമെ, ശ്രദ്ധ തിരിക്കുന്ന രീതിയിൽ വാഹനത്തിനുള്ളിൽ വെച്ച് ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക, ഉറങ്ങുക തുടങ്ങിയ നിയമലംഘനങ്ങളും ക്യാമറകൾ സ്വയം തിരിച്ചറിഞ്ഞ് റിപ്പോർട്ട് ചെയ്യും. ഇൻസ്ട്രക്ടർമാർ കൃത്യമായ യൂണിഫോം ധരിക്കാതിരിക്കുന്നതും ഇതിലൂടെ പിടികൂടും.
പരമ്പരാഗത പരിശോധനകൾക്കായി മുൻപ് ഇൻസ്പെക്ടർമാർ നേരിട്ടെത്തി 20 മിനിറ്റോളം സമയമെടുത്ത് നടത്തിയിരുന്ന പരിശോധനക്ക് പുതിയ സ്മാർട്ട് ടാബ്‌ലെറ്റ് അധിഷ്ഠിത സംവിധാനം വന്നതോടെ ഇനി ഒരു മിനിറ്റ് മാത്രമേ സമയമെടുക്കൂ.