പെട്ടെന്ന് ലെയ്ൻ മാറ്റുന്നതിനെതിരെ മുന്നറിയിപ്പുമായി അജ്‌മാൻ പോലീസ്: നിയമം ലംഘിച്ചാൽ 1,000 ദിർഹം പിഴ
അജ്മാൻ: പ്രധാന നിരത്തുകളിൽ കൂടി വാഹനം ഓടിക്കുമ്പോൾ പെട്ടെന്ന് ലെയ്ൻ മാറ്റുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി അജ്‌മാൻ പോലീസ്.ഒരു കാർ പെട്ടെന്ന് ട്രാക്ക് മാറ്റിയതിനെ തുടർന്നുണ്ടായ അപകടത്തിന്‍റെ ദൃശ്യം പങ്കുവെച്ചുകൊണ്ടാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്. ഒരു ചുവന്ന കാർ റൂട്ടിനെക്കുറിച്ച് തീരുമാനമെടുക്കാതെ അൽപ സമയം നിർത്തുന്നതും പിന്നീട് പെട്ടെന്ന് ട്രാക്ക് മാറുന്നതും വീഡിയോയിൽ കാണാം.ഇതിന്‍റെ ഫലമായി മൂന്ന് കാറുകൾ കൂട്ടിയിടിച്ചു. അജ്മാനിൽ മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ലെയ്ൻ മാറ്റിയാൽ 1,000 ദിർഹവും സുരക്ഷിതമായ അകലം പാലിക്കാതെ വാഹനമോടിച്ചാൽ 400 ദിർഹവും പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
ഡ്രൈവർമാരിൽ ഗതാഗത അവബോധം വളർത്താനും ചുവന്ന ലൈറ്റ് മറികടക്കുക, പെട്ടെന്ന് ലെയ്ൻ മാറ്റുക, ലെയ്ൻ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാനും ' ബി കെയർഫുൾ' എന്ന പേരിൽ ബോധവൽക്കരണം നടത്തുന്നുണ്ടെന്ന് ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്‍റ് കേണൽ റാഷിദ് ഹുമൈദ് ബിൻ ഹിന്ദി അറിയിച്ചു.
ആധുനികവും ഫലപ്രദവുമായ രീതികളെ അടിസ്ഥാനമാക്കിയുള്ള സമഗ്രമായ ഗതാഗത അവബോധ പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭമെന്ന് അജ്മാൻ പോലീസിലെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേധാവി ലെഫ്റ്റനന്‍റ് കേണൽ നൂറ സുൽത്താൻ അൽ ഷംസി വിശദീകരിച്ചു.