അബുദാബി ലുലു ഹൈപ്പർ മാർക്കറ്റ് സന്ദർശിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

 
Pravasi

അബുദാബി ലുലു ഹൈപ്പർ മാർക്കറ്റ് സന്ദർശിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഓസ്ട്രേലിയയിൽ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിക്കാൻ എം.എ. യൂസഫലിയെ ആന്‍റണി ആല്‍ബനീസ് ക്ഷണിച്ചു.

Megha Ramesh Chandran

അബുദാബി: ഔദ്യോ​ഗിക സന്ദർശനത്തിന്‍റെ ഭാ​ഗമായി യുഎഇയിലെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് അബുദാബി മുഷ്റിഫിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചു. വ്യാപാരനയം വിപുലമാക്കുന്നതിന്‍റെ ഭാ​ഗമായി യുഎസ്, യുകെ, എന്നിവടങ്ങളിലെ സന്ദർശനങ്ങൾക്ക് പിന്നാലെയാണ് പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് യുഎഇയിലെത്തിയത്. അബുദാബിയിലെ ഷെയ്ഖ് സായിദ് ​ഗ്രാൻഡ് മോസ്ക്കും അദേഹം സന്ദർശിച്ചു.

ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്കൊപ്പം ലുലു ഹൈപ്പർ മാർക്കറ്റിലെത്തിയ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് ഓസ്ട്രേലിയൻ ഉത്പന്നങ്ങളുള്ള സ്റ്റാളുകൾ സന്ദർശിച്ചു. പ്രമീയം ഓസ്ട്രേലിയൻ മാംസം, പഴം പച്ചക്കറി ഉത്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരമാണ് ലുലുവിലുള്ളത്.

സന്ദർശനത്തിനിടെ ഓസ്ട്രേലിയയിൽ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിക്കാൻ എം.എ. യൂസഫലിയെ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് ക്ഷണിച്ചു. കർഷകരും വിതരണക്കാരുമായി നേരിട്ട് ബന്ധമുള്ള ലുലുവിന്‍റെ സേവനം, ഓസ്‌ട്രേലിയക്ക് ഗുണകരമാവുമെന്ന് പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയൻ ഉത്പന്നങ്ങൾക്ക് ആ​ഗോള വിപണിയാണ് ലുലു ലഭ്യമാക്കുന്നതെന്നും, ലോജിസ്റ്റിസ്ക്സ് കേന്ദ്രങ്ങൾ വഴി മികച്ച തൊഴിലവസരമാണ് നൽകുന്നതെന്നും അദേഹം പറഞ്ഞു.

ഓസ്ട്രേലിയ - യുഎഇ സ്വതന്ത്ര വ്യാപാര കരാർ ഒക്റ്റോബർ 1 മുതൽ നടപ്പാക്കുമെന്നും ഓസ്ട്രേലിയയുടെ സുപ്രധാന വ്യാപാര പങ്കാളിയായി യുഎഇ മാറുമെന്നും പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് വ്യക്തമാക്കി. ഓസ്ട്രേലിയയിൽ നിന്നുള്ള ഏറ്റവും മികച്ച ഉത്പന്നങ്ങളാണ് മിഡിൽ ഈസ്റ്റിലടക്കം ലുലു ലഭ്യമാക്കുന്നതെന്നും പ്രാദേശിക കർഷകർക്കും വിതരണകാർക്കും പിന്തുണ നൽകുക കൂടിയാണ് ലുലുവെന്നും ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.

ആദ്യമായി നടത്തിയ ഓസ്ട്രേലിയ സന്ദർശനം എം.എ. യൂസഫലി കൂടിക്കാഴ്ചയിൽ അനുസ്മരിച്ചു. മികച്ച ഓസ്ട്രേലിയൻ മീറ്റ് - ലാംബ് എന്നിവ യുഎഇയിലെ ലുലു സ്റ്റോറുകളിലേക്ക് ഇറക്കുമതി ചെയ്യാൻ വേണ്ടിയായിരുന്നു അന്നത്തെ യാത്രയെന്നും യൂസഫലി പറഞ്ഞു. മെൽബണിലുള്ള ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങൾ വഴി ഏറ്റവും മികച്ച പഴം, പക്കറി, ഇറച്ചി ഉത്പന്നങ്ങളാണ് മിഡിൽ ഈസ്റ്റിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലേക്ക് ലുലു എത്തിക്കുന്നത്.

യുഎഇയിലെ ഓസ്‌ട്രേലിയൻ അംബാസഡർ റിദ്‌വാൻ ജാദ്വത്, ഓസ്ട്രേലിയയിലെ യുഎഇ അംബാസഡർ എ.എ. ഫഹദ് ഉബൈദ് മുഹമ്മദ്, ലുലു ​ഗ്രൂപ്പ് ഡയറക്റ്റർ ആൻഡ് ചീഫ് സസ്റ്റൈനബിളിറ്റി ഓഫിസർ മുഹമ്മദ് അൽത്താഫ്, ​ഗ്ലോബൽ ഓപ്പറേഷൻ ഡയറക്റ്റർ ഷാബു അബ്ദുൾ മജീദ്, ഡയറക്റ്റർ ഓഫ് മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്റ്റർ വി. നന്ദകുമാർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

ശബരിമലയിലെ സ്വർണപ്പാളികൾ ഒക്റ്റോബർ 17ന് പുനഃസ്ഥാപിക്കും

ജനക്ഷേമം ഉറപ്പാക്കുന്ന പൊതുവികസനം ലക്ഷ്യം: മുഖ്യമന്ത്രി

ലോറൻസ് ബിഷ്‌ണോയി സംഘത്തെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് ക്യാനഡ

ഡിഗ്രി, പിജി പരീക്ഷകളും ഓൺലൈനിലേക്ക്

പാൽ ഉത്‌പാദനം 33.8 ലക്ഷം ടണ്ണിലേക്ക് എത്തിക്കും