ലോകത്തിലെ ഏറ്റവും കുറഞ്ഞ 'കസ്റ്റമർ മിനിറ്റ്സ് ലോസ്‌റ്റ്' ബഹുമതി നേടി ദീവ 
Pravasi

ലോകത്തിലെ ഏറ്റവും കുറഞ്ഞ 'കസ്റ്റമർ മിനിറ്റ്സ് ലോസ്‌റ്റ്' ബഹുമതി നേടി ദീവ

2023ലെ 1.06 മിനിറ്റ് എന്ന മുൻ റെക്കോർഡ് മറികടന്നാണ് ഇത് സ്വന്തമാക്കിയത്

ദുബായ്: 2024ൽ ലോകത്തിലെ ഏറ്റവും കുറഞ്ഞ കസ്റ്റമർ മിനിറ്റ്സ് ലോസ്‌റ്റ് (സിഎംഎൽ) ബഹുമതി നേടി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA). മാനേജിങ് ഡയറക്ടറും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായറാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദീവയുടെ 'കസ്റ്റമർ മിനിറ്റ്സ് ലോസ്‌റ്റ്' 0.94 മിനിട്ടാണ്.

2023ലെ 1.06 മിനിറ്റ് എന്ന മുൻ റെക്കോർഡ് മറികടന്നാണ് ഇത് സ്വന്തമാക്കിയത്. യൂറോപ്യൻ യൂണിയനിലെ പ്രമുഖ യൂട്ടിലിറ്റി കമ്പനികളുടെ ശരാശരിയായ 15 മിനിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് മികച്ച നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നേട്ടം ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ദീർഘവീക്ഷണമുള്ള കാഴ്ചപ്പാടിന്‍റെ ഫലമാണെന്നും അൽ തായർ കൂട്ടിച്ചേർത്തു.

2012ൽ 6.88 മിനിറ്റായിരുന്ന സിഎംഎൽ 2024ൽ 0.94 മിനിറ്റായി കുറച്ചത് വ്യാവസായിക നവീകരണ പദ്ധതികൾ നടപ്പാക്കിയത് മൂലമാണ്. 7 ബില്യൺ ദിർഹം മുതൽമുടക്കുള്ള സ്മാർട്ട് ഗ്രിഡ് പദ്ധതിയാണ് ഇതിന് പിന്നിലെ പ്രധാന ഘടകം. വൈദ്യുതി പ്രസരണം , വിതരണ കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്താനും നഷ്ടം കുറയ്ക്കാനും ഇതിൽ പുതിയ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്മാർട്ട് ഗ്രിഡിന്‍റെ ഭാഗമായി ആരംഭിച്ച ഓട്ടോമാറ്റിക് സ്മാർട്ട് ഗ്രിഡ് റിസ്റ്റോറേഷൻ സിസ്റ്റം, മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക മേഖലയിൽ ആദ്യമായാണ് നടപ്പിലാക്കുന്നത്. 24 മണിക്കൂറും മനുഷ്യ ഇടപെടലില്ലാതെ പ്രവർത്തിക്കുന്ന ഈ സ്മാർട്ട് സംവിധാനത്തിൽ വൈദ്യുതി തകരാറുകൾ കണ്ടെത്തി സ്വയം പരിഹരിച്ച് ബന്ധം പുനഃസ്ഥാപിക്കുന്ന സാങ്കേതിക വിദ്യയാണുള്ളത്. ഇതിലൂടെ ഗ്രിഡ് ഓട്ടോമേഷൻ കൂടുതൽ കാര്യക്ഷമമാകുകയും വൈദ്യുതി തടസ്സങ്ങൾ കുറയുകയും ചെയ്യുന്നു. 2024ൽ സിംഗപ്പൂരിൽ നടന്ന ഏഷ്യൻ പവർ അവാർഡ്സിൽ ഇന്നൊവേറ്റിവ് പവർ ടെക്നോളജി ഓഫ് ദി ഇയർ, സ്മാർട്ട് ഗ്രിഡ് പ്രോജക്ട് ഓഫ് ദി ഇയർ തുടങ്ങി രണ്ട് പ്രശസ്ത ബഹുമതികൾ ദീവ കരസ്ഥമാക്കി.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു