ഷാരോൺ

 
Pravasi

ഡോ. ഷംഷീർ വയലിലിന്‍റെ '10 ജേർണീസ്' പദ്ധതി: പുതുജീവിതത്തിലേക്ക് കാലെടുത്തുവച്ച് മലയാളി

ദാരുണമായ അപകടങ്ങൾക്ക് ശേഷം ചലനശേഷി നഷ്ടപ്പെട്ട മൂന്ന് യുവാക്കളാണ് പദ്ധതിയുടെ ആദ്യ ഗുണഭോക്താക്കൾ.

അബുദാബി: വിവിധ കാരണങ്ങളാൽ ചലനശേഷി നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച 10 കോടി രൂപയുടെ പദ്ധതിയായ '10 ജേർണീസിന്‍റെ' ആദ്യ മൂന്ന് ഗുണഭോക്താക്കളിൽ ഒരാളായ മലയാളിക്ക് ആധുനിക കൃതിമക്കാൽ നൽകി. കോട്ടയം ചിങ്ങവനം സ്വദേശിയായ ഷാരോൺ ചെറിയാനാണ് അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിൽ ലോകപ്രശസ്ത ഓർത്തോപീഡിക് സർജൻ പ്രൊഫ. ഡോ. മുൻജെദ് അൽ മുദിരിസ് നേതൃത്വം നൽകിയ സൗജന്യ ഓസിയോ ഇന്‍റഗ്രേഷൻ ശസ്ത്രക്രിയയിലൂടെ പുതു ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്.

ദാരുണമായ അപകടങ്ങൾക്ക് ശേഷം ചലനശേഷി നഷ്ടപ്പെട്ട മൂന്ന് യുവാക്കളാണ് പദ്ധതിയുടെ ആദ്യ ഗുണഭോക്താക്കൾ. ഷാരോണിനോടൊപ്പം പലസ്തീനിൽ നിന്നുള്ള അനസ് ജെബെയ്ഹി, അമെരിക്കയിൽ നിന്നുള്ള ജോഷ്വ അർനോൾഡ് എന്നിവരും ശസ്ത്രക്രിയക്ക് വിധേയരായി. 2022 ലെ സിറിയൻ ഭൂകമ്പത്തെ അതിജീവിച്ച സഹോദരങ്ങളായ  ഷാമിന്‍റെയും ഒമറിന്‍റെയും അതിജീവനത്തിനുള്ള ആദരസൂചകമായിട്ടാണ് 10 പേർക്ക് സൗജന്യ ഓസിയോഇന്‍റഗ്രേഷൻ ശസ്ത്രക്രിയകൾ നൽകാനുള്ള പദ്ധതി ഡോ. ഷംഷീർ പ്രഖ്യാപിച്ചത്.

ഈ നൂതന രീതിയിലൂടെ പ്രോസ്തെറ്റിക് ലിംബ് അസ്ഥിയിൽ സംയോജിപ്പിക്കുകയും, തന്മൂലം രോഗിക്ക് മെച്ചപ്പെട്ട ചലനശേഷി ലഭിക്കുകയും ചെയ്തു. ലോകമെമ്പാടും നിന്ന് ലഭിച്ച പ്രൊഫൈലുകളിൽ നിന്ന് തെരഞ്ഞെടുത്ത 10 പേർക്കാണ് ചികിത്സ നൽകുന്നത്. രോഗികളുടെ നിലവിലെ അവസ്ഥയും സാമ്പത്തിക സാഹചര്യങ്ങളും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. വരും മാസങ്ങളിൽ ഏഴ് പേർക്ക് കൂടി പദ്ധതിയുടെ പ്രയോജനം ലഭിക്കും.

2013 ഇൽ ഷാരോണിന്‍റെ ഇരുപത്തിയൊന്നാം വയസിലാണ് ജീവിതം തന്നെ  മാറ്റി മറിച്ച ബൈക്കപകടം നടന്നത്. രോഗമുക്തിക്കായി അവസാനം ഷാരോണിന്‍റെ വലതു കാൽ മുറിച്ചു മാറ്റാൻ ഡോക്റ്റർമാർ നിർബന്ധിതരായി. "സാമ്പത്തികമായും വൈകാരികമായും വളരെ ദുഷ്കരമായ സമയം കടന്നാണ് ഇവിടെയെത്തിയത്. ചികിത്സയ്ക്കായി വീട് പോലും വിൽക്കേണ്ടി വന്നു. വർഷങ്ങളോളം ഊന്നുവടിയുടെ സഹായത്തോടെയാണ് നടന്നിരുന്നത്. സമൂഹം പലപ്പോഴും മാറ്റിനിർത്തുന്നതായി തോന്നിയിട്ടുണ്ട്," മുപ്പത്തിമൂന്നുകാരൻ ഷാരോൺ ഓർക്കുന്നു.

 ഷാരോൺ മൂന്ന് വർഷം മുമ്പ് ഓസിയോ ഇന്‍റഗ്രേഷനെക്കുറിച്ച് മനസിലാക്കുകയും പ്രൊഫ. മുൻജെദുമായി ബന്ധപ്പെടുകയും ചെയ്തു. എന്നാൽ ഷാരോണിന്‍റെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ചികിത്സാ ചെലവുകൾ. പ്രതീക്ഷകൾ അസ്തമിച്ചിടത്ത് വഴിത്തിരിവായാണ് 10 ജേർണീസ് ഉദ്യമത്തിന്‍റെ ഭാഗമായി അറിയിപ്പ് ലഭിച്ചത്. "ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച സൗജന്യ ഓസിയോ ഇന്‍റഗ്രേഷൻ ശസ്ത്രക്രിയയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ജീവിതത്തിലെ വലിയ വഴിത്തിരിവായാണ് കാണുന്നത്. അവസരത്തിന് യുഎഇക്കും ഇതിന്‍റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി," ഷാരോൺ പറയുന്നു.

 "ലഭിച്ച അപേക്ഷകൾ വിശദമായി പരിശോധിച്ച ശേഷമാണ് അനസിനെയും, ജോഷ്വയെയും, ഷാരോണിനെയും തെരഞ്ഞെടുത്തത്. സർജറിക്ക് ശേഷം സുഖം പ്രാപിച്ചുവരുന്ന ഇവർ വരും ആഴ്ചകളിൽ പ്രോസ്തെറ്റിക്സ് ഉപയോഗിച്ച് പുനരധിവാസത്തിലേക്ക് കടക്കും. നല്ല നാളെയിലേക്കുള്ള ചുവടുവയ്പ്പാണിത്," പ്രൊഫ. മുൻജെദ് പറഞ്ഞു. അവശേഷിക്കുന്ന ഏഴ് ശസ്ത്രക്രിയകൾ വരും മാസങ്ങളിൽ നടക്കും.

ഓണം സ്പെഷ്യൽ ട്രെയിൻ; ബുക്കിങ് ശനിയാഴ്ച മുതൽ

ഐഫോൺ ഇറക്കുമതി ചെയ്യാമെന്ന വാഗ്ദാനം; പ്രതികളിൽ നിന്ന് റഹീസ് വാങ്ങിയത് ലക്ഷങ്ങൾ

രാജീവ് ചന്ദ്രശേഖറിന്‍റെ അച്ഛൻ കമ്മഡോർ എം.കെ. ചന്ദ്രശേഖർ അന്തരിച്ചു

ധർമസ്ഥല വിവാദം: തലയോട്ടി നൽകിയത് തിമ്മറോടിയെന്നു ചിന്നയ്യ

വാതിലുകൾ തുറന്നിട്ട് ബസ് സർവീസ്; ~12.7 ലക്ഷം പിഴ ഈടാക്കി