ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
ദുബായ്: ദുബായിലെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ലോകത്തിന്‍റെ നെറുകയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) പദ്ധതികൾക്ക് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
ഭാവി സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുള്ള ഉന്നത സമിതിയുടെ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. നഗരത്തിലെ സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന 'ഡിജിറ്റൽ ട്വിൻ സിസ്റ്റം' ആണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
ദുബായ് നഗരത്തിലെ നൂറ്റമ്പതിലേറെ ക്യാമറകളിൽ നിന്നുള്ള തത്സമയ ഡേറ്റ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സഹായത്തോടെ വിശകലനം ചെയ്ത്, കുറ്റകൃത്യങ്ങൾ തടയാനും അടിയന്തര സാഹചര്യങ്ങൾ വേഗത്തിൽ നേരിടാനും ദുബായ് പൊലീസിനെ പ്രാപ്തരാക്കുന്നതാണ് ഈ പുതിയ സംവിധാനം.
ഇതോടൊപ്പം, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള എഐ വിദഗ്ധരെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ എത്തിക്കുന്നതിനായി ഒരു 'ഗ്ലോബൽ ടാലന്‍റ് നെറ്റ്‌വർക്കും' ദുബായ് സ്ഥാപിക്കും.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ദുബായിലെ ഏകദേശം മൂന്ന് ലക്ഷത്തോളം വലിപ്പചെറുപ്പമില്ലാത്ത കമ്പനികളെ 'ഏജന്‍റിക് എഐ' സാങ്കേതികവിദ്യയിലേക്ക് മാറ്റാനും ഭരണകൂടം ലക്ഷ്യമിടുന്നുണ്ട്.
വിവിധ സർക്കാർ-സ്വകാര്യ സേവനങ്ങൾക്കായി 100 അത്യാധുനിക എഐ അസിസ്റ്റന്‍റുകളെയും 50 പുതിയ എഐ സ്റ്റാർട്ടപ്പുകളെയും വികസിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ കോഡിങ് മത്സരമായ ഐസിപിസി വേൾഡ് ഫൈനൽസിന്‍റെ സുവർണ്ണ ജൂബിലി പതിപ്പിന് ഇത്തവണ ദുബായ് ആതിഥേയത്വം വഹിക്കുമെന്ന പ്രഖ്യാപനവും ഷെയ്ഖ് ഹംദാൻ നടത്തി.