ദുബായ് കെഎംസിസിയുടെ ഈദുൽ ഇത്തിഹാദ് ഡിസംബർ രണ്ടിന്
ദുബായ്: ദുബായ് കെഎംസിസിയുടെ നേതൃത്വത്തിൽ യുഎഇ ദേശീയ ദിനാഘോഷമായ ഈദുൽ ഇത്തിഹാദ് സംഘടിപ്പിക്കുന്നു. ഡിസംബർ രണ്ടിന് ഉച്ചക്ക് രണ്ട് മുതൽ രാത്രി 11 വരെ ദുബായ് സെഞ്ച്വറി മാളിന് സമീപത്തെ ശബാബ് അൽ അഹ്ലി ക്ലബിലാണ് വിപുലമായി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
മീഡിയ ഫാക്റ്ററി ഇവന്‍റ്സ് ആൻഡ് പ്രൊഡക്ഷനുമായി കൈകോർത്ത് നടത്തുന്ന ആഘോഷ പരിപാടികൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയിൽ 15,000 പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എം.എ. യൂസുഫലി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
കുട്ടികളുടെ വ്യത്യസ്ത കലാ മത്സരങ്ങളും വിനോദ പരിപാടികളും സ്ത്രീകൾക്കായുള്ള വിവിധ മത്സരങ്ങളും വ്യത്യസ്ത ജില്ലകൾ പങ്കെടുക്കുന്ന കെഎംസിസി ഹാപ്പിനസ് ടീമിന്‍റെ പരേഡും കലാമത്സരങ്ങളും സിതാര-കണ്ണൂർ ശരീഫ് ടീമിന്‍റെ സംഗീത വിരുന്നും ഉണ്ടാകും.
പ്രവേശനം സൗജന്യമാണ്. മെട്രൊ സ്റ്റേഷനിൽ നിന്ന് വേദിയിലേക്ക് ഷട്ടിൽ സർവിസും ഉണ്ടായിരിക്കും. ഗസ്റ്റ് ഓഫ് ഓണർ ആയി റാപ്പർ ഡബ്‌സി എത്തും. മീഡിയ ഫാക്റ്ററി സിഇഒ ഷാ മുഹമ്മദ്, കോഓഡിനേറ്റർ സാബിർ അബ്ദുന്നാസർ, ദുബായ് കെഎംസിസി ഭാരവാഹികളായ അബ്ദുസ്സമദ്, കെ.പി.എ. സലാം, അഹമ്മദ് ബിച്ചി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.