മയക്കുമരുന്ന് സംഘത്തെ പിടികൂടി ദുബായ് പൊലീസ്

 
Pravasi

മയക്കുമരുന്ന് സംഘത്തെ പിടികൂടി ദുബായ് പൊലീസ്

26 കിലോ മയക്കുമരുന്നും 27,913 ട്രമഡോൾ ഗുളികകളും ഇവരിൽ നിന്നും പിടിച്ചെടുത്തു.

ദുബായ്: യുഎഇയിൽ വിദേശ മയക്കുമരുന്ന് സംഘത്തിന്‍റെ നിർദേശ പ്രകാരം പ്രവർത്തിച്ച ഏഴംഗ ഏഷ്യൻ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. തങ്ങളുടെ പ്രവർത്തനങ്ങൾ മറച്ചു വയ്ക്കാനും പിടികൂടുന്നത് ഒഴിവാക്കാനും പ്രതികൾ നഗരത്തിലുടനീളം ഒന്നിലധികം ഡ്രോപ് - ഓഫ് സൈറ്റുകൾ ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി.

പ്രതികളുടെ നീക്കങ്ങളും ആശയ വിനിമയങ്ങളും നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് നടന്നതെന്ന് ജനറൽ ഡിപാർട്മെന്‍റ് ഓഫ് ആന്‍റി-നാർകോട്ടിക്‌സ് ഡയറക്റ്റർ ബ്രിഗേഡിയർ ഖാലിദ് ബിൻ മുയിസ പറഞ്ഞു.

വീട്ടിൽ ക്രിസ്റ്റൽ മെത്ത് കൈവശം വച്ചതിന്‍റെ പേരിൽ ഒന്നാം പ്രതിയെ പിടികൂടി. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ഒരു കിലോ മയക്കുമരുന്ന് വിതരണം ചെയ്യാൻ വിദേശത്ത് നിന്ന് ഇയാൾക്ക് നിർദേശം ലഭിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ദുബായ് പൊലീസ് നടത്തിയ ഓപറേഷനിൽ, രണ്ട് സ്ഥലങ്ങളിലായി മയക്കുമരുന്ന് ഒളിപ്പിച്ചവരും അവ ശേഖരിക്കാൻ വന്നവരും ഉൾപ്പെടെ, സംഘത്തിലെ മറ്റ് ആറ് പേരെ അറസ്റ്റ് ചെയ്തു.

26 കിലോ മയക്കുമരുന്നും 27,913 ട്രമഡോൾ ഗുളികകളും ഇവരിൽ നിന്നും പിടിച്ചെടുത്തു. ക്രിസ്റ്റൽ മെത്ത്, ഹഷീഷ്, ഹെറോയിൻ, മരിജ്വാന എന്നിവ പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നു. യുഎഇയിൽ മയക്കുമരുന്ന് കടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി അന്താരാഷ്ട്ര ശൃംഖലയുമായി ബന്ധമുള്ള സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് ബ്രിഗേഡിയർ ബിൻ മുയിസ പറഞ്ഞു.

''പൊതു സുരക്ഷയെ അപകടപ്പെടുത്താൻ ശ്രമിക്കുന്ന ആരെയും ദുബായ് പൊലീസ് ശക്തമായി നേരിടും. വിദേശത്ത് നിന്ന് പ്രവർത്തിക്കുന്നവരായാലും കടത്തുകാരുടെ ശൃംഖലകൾ ഞങ്ങൾ തകർക്കുക തന്നെ ചെയ്യും'' - ബ്രിഗേഡിയർ ബിൻ മുയിസ പറഞ്ഞു.

കഴിഞ്ഞ മാസം, 'ടോക്സിക് ബട്ടണുകൾ' എന്ന പേരിൽ നടത്തിയ പ്രധാന ഓപറേഷനിൽ വസ്ത്ര ബട്ടണുകളിൽ ഒളിപ്പിച്ച് കാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം ദുബായ് പൊലീസ് പരാജയപ്പെടുത്തിയിരുന്നു. 18.93 കിലോ ഭാരവും 4.4 മില്യൺ ദിർഹം വിലമതിക്കുന്നതുമായ മയക്കുമരുന്നുകൾ വിദേശത്തേക്ക് കടത്തുന്നതിന് മുൻപ് പിടിച്ചെടുക്കുകയും ചെയ്തു.

സംശയകരമായ പെരുമാറ്റമോ പ്രവർത്തനങ്ങളോ ശ്രദ്ധയിൽ പെട്ടാൽ 901 ലേയ്ക്ക് വിളിച്ചോ ദുബായ് പൊലീസ് സ്മാർട്ട് ആപ്പിലെ പൊലീസ് ഐ ഫീച്ചർ ഉപയോഗിച്ചോ റിപ്പോർട്ട് ചെയ്യാൻ പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

സുപ്രീം കോടതിയിൽ ഗവർണർക്ക് തിരിച്ചടി; വിസി നിയമനവുമായി ബന്ധപ്പെട്ട ഹർ‌ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി

ദുർഗാ പൂജ: ജീവനക്കാർക്ക് ശമ്പളം മുൻകൂറായി നൽകി അസം സർക്കാർ

തമ്പാനൂർ ഗായത്രി വധക്കേസ്; പ്രതി പ്രവീണിന് ജീവപര്യന്തം

ഗുജറാത്ത് തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; ആളപായമില്ല

ഖൈബർ പ്രവിശ്യയിൽ വ്യോമാക്രമണം നടത്തി പാക് സേന; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 മരണം