സുസ്ഥിര വികസനത്തിന് ഐക്യദാർഢ്യവുമായി ദുബായ് ആർ ടി എ ജീവനക്കാർ
ദുബായ്: ദുബായ് ആർ ടി എ ജീവനക്കാർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ 55% പരിസ്ഥിതി സൗഹൃദ വാഹനങ്ങളെന്ന് അധികൃതർ അറിയിച്ചു. സുസ്ഥിര വികസനത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ജീവനക്കാർ 260 ഹൈബ്രിഡ് പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ ഉപയോഗിക്കുന്നത്. എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾ വാഹന വ്യൂഹങ്ങളിൽ പരിസ്ഥിതി വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്ന് ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി നിർദ്ദേശം നൽകിയിരുന്നു. 2030 ഓടെ പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ എണ്ണം 30% ആയി ഉയർത്തണം എന്നായിരുന്നു ആർ ടി എ ക്ക് മുന്നിലുണ്ടായിരുന്ന ലക്ഷ്യം. അത് മറികടന്നാണ് ഇപ്പോൾ 55 % ത്തിലേക്ക് എത്തിയിരിക്കുന്നത്.
"2030 ആകുമ്പോഴേക്കും പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്കുള്ള മാറ്റത്തെ പിന്തുണയ്ക്കുന്നതിനായി ആർടിഎ ഒരു ദീർഘകാല പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഹൈബ്രിഡ് വാഹനങ്ങൾ സ്വീകരിക്കാൻ ആർടിഎ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്യുന്നുണ്ട്'- ആർടിഎയുടെ കോർപ്പറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സർവീസസ് സെക്ടറിലെ അഡ്മിനിസ്ട്രേറ്റീവ് സർവീസസ് ഡയറക്ടർ ഫാത്തിമ അൽ മൻഡൂസ് പറഞ്ഞു.