ദുബായ്: യുഎഇയിലെ ചില ഭാഗങ്ങളിൽ തിങ്കളാഴ്ച് മൂടൽമഞ്ഞ് പ്രതീക്ഷിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ദേശീയ കാലാവസ്ഥാ വകുപ്പിന്‍റെ (NCM) റിപ്പോർട്ടനുസരിച്ച്, യുഎഇയിലുടനീളം ഭാഗിക മേഘാവൃത കാലാവസ്ഥയായിരിക്കും.
റാസൽഖൈമയിലെ ജബൽ ജെയ്‌സ് പർവതത്തിൽ ശനിയാഴ്ച താപനില 1.9 ഡിഗ്രി സെൽഷ്യസും ഞായറാഴ്ച 1.8 ഡിഗ്രി സെൽഷ്യസുമായിരുന്നെങ്കിലും തിങ്കളാഴ്ച്ച താപനില നേരിയ തോതിൽ കൂടുമെന്നാണ് റിപ്പോർട്ടുകൾ.
താപനിലയിലെ ഈ മാറ്റം ചില ഉൾപ്രദേശങ്ങളിലും തീര ഭാഗങ്ങളിലും തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയും ഈർപ്പമുള്ള അവസ്ഥയിലേക്ക് നയിക്കും. ഈർപ്പം കൂടുന്നത് മൂടൽമഞ്ഞിന് കാരണമാകുമെനും എൻസിഎം വ്യക്തമാക്കി.
രാജ്യത്തിന്‍റെ വടക്കുകിഴക്ക് നിന്നും തെക്ക് കിഴക്ക് ഭാഗത്തേയ്ക്ക് നേരിയ തോതിൽ കാറ്റ് വീശും. ആദ്യ ഘട്ടത്തിൽ മണിക്കൂറിൽ 10-25 കിലോ മീറ്റർ വേഗത്തിൽ വീശുന്ന കാറ്റ് ക്രമേണ 35 കിലോമീറ്റർ വരെ വേഗം കൈവരിക്കാമെന്നും എൻ.സി.എം അറിയിച്ചു.