പുതുവത്സര ദിനത്തിൽ സൗജന്യ പാർക്കിങ്ങ്
ദുബായ്: പുതുവത്സര ദിനത്തിൽ ദുബായിൽ പാർക്കിങ് സൗജന്യമാണെന്ന് ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ബഹുനില പാർക്കിങ് കെട്ടിടങ്ങൾ, അൽഖൈൽ ഗേറ്റ് എൻ-365 എന്നിവക്ക് ഇത് ബാധകമല്ല. ഇവിടങ്ങളിൽ ഫീസടച്ച് പാർക്കിങ് തുടരാം. മറ്റ് സ്ഥലങ്ങളിൽ ജനുവരി രണ്ട് മുതൽ പാർക്കിങ് ഫീസ് ഈടാക്കും.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് പൊതുഗതാഗത സർവിസ് സമയം ആർ.ടി.എ പുനഃക്രമീകരിച്ചിട്ടുണ്ട്. കസ്റ്റമർ ഹാപ്പിനസ് സെന്റർ, പെയ്ഡ് പാർക്കിങ് സൗകര്യങ്ങൾ, പബ്ലിക് ബസ്, ദുബൈ മെട്രോ, ദുബൈ ട്രാം, ജലഗതാഗത സേവനങ്ങൾ, വെഹിക്ക്ൾ ടെസ്റ്റിങ് സെന്ററുകൾ എന്നിവയുടെ പ്രവർത്തനസമയത്തിലാണ് മാറ്റം.
പുതുവത്സര ദിനത്തിൽ ആർ.ടി.എയുടെ കസ്റ്റമർ സെന്ററുകൾക്ക് അവധിയായിരിക്കും. എന്നാൽ അൽ ബർഷ, അൽ തവാർ, അൽ കിഫാഫ്, ആർ.ടി.എ ആസ്ഥാനം എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും. ആർ.ടി.എയുടെ വാഹന ടെസ്റ്റിങ് കേന്ദ്രങ്ങൾക്കും ജനുവരി ഒന്നിന് അവധിയായിരിക്കും.