ദുബായ്: യുഎഇയുടെ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരികുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ രക്ഷാകർതൃത്വത്തിൽ ദുബായ് ഭരണാധികാരിയുടെ സ്വകാര്യ ഓഫീസ് നടത്തുന്ന അൽ സലാം സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ദുബായ് ജി ഡി ആർ എഫ് എ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ്) മികച്ച പ്രകടനം നടത്തി.
ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സൈക്ലിങ് പ്രതിഭകൾ പങ്കെടുത്ത ഈ ആഗോള തലത്തിലുള്ള ചാമ്പ്യൻഷിപ്പിന്‍റെ ടീം വിഭാഗത്തിൽ ജി ഡി ആർ എഫ് എ സൈക്ലിങ് ടീം രണ്ടാം സ്ഥാനം നേടിയതോടൊപ്പം, വ്യക്തിഗത ഇനത്തിൽ ഡയറക്ടറേറ്റിലെ അബ്ദുള്ള ജാസിം മൂന്നാം സ്ഥാനവും 40 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ താരിഖ് ഉബൈദ് ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
മികച്ച പ്രകടനം നടത്തിയ ടീമിന്‍റെ വിജയം ജി ഡി ആർ എഫ് എ ആസ്ഥാനത്ത് ആഘോഷിച്ചു. ജി ഡി ആർ എഫ് എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയുടെയും അസിസ്റ്റന്‍റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ആഘോഷ പരിപാടി.
മികച്ച പ്രകടനം നടത്തിയ സൈക്ലിസ്റ്റുകളെയും ടീം അംഗങ്ങളെയും ലഫ്: ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പ്രശംസിച്ചു. ആരോഗ്യകരവും കൂടുതൽ സജീവവും സന്തുഷ്ടവുമായ ജീവിതരീതികൾ സ്വീകരിക്കാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ഷെയ്ഖ് മുഹമ്മദ് നൽകുന്ന പ്രോത്സാഹനവും പിന്തുണയും മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.