ഷാർജയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ വളർച്ച: ജൂലൈയിൽ നടത്തിയത് 7.5 ബില്യൺ ദിർഹത്തിന്‍റെ ഇടപാടുകൾ
ഷാർജ: ഷാർജയുടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഈ വർഷം വൻ വളർച്ച രേഖപ്പെടുത്തി. 2025 ജൂലൈ മാസത്തിലാണ് ഏറ്റവും ഉയർന്ന പ്രതിമാസ ഇടപാടുകൾ നടന്നത്. ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 11,377 ഇടപാടുകളിലായി ആകെ 7.5 ബില്യൺ ദിർഹത്തിന്‍റെ ബിസിനസ് നടന്നു. 23.2 ദശലക്ഷം ചതുരശ്ര അടിയുടെ വ്യാപാരമാണ് നടന്നത്.
വ്യക്തമായ നിയന്ത്രണ ചട്ടക്കൂടുകൾ, സ്ഥിരതയുള്ള സാമ്പത്തിക കാലാവസ്ഥ, സംയോജിത അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള ശക്തമായ ഘടകങ്ങളാണ് വളർച്ചയ്ക്ക് അടിസ്ഥാനം. സുതാര്യത, സുസ്ഥിര നഗരാസൂത്രണം, നിക്ഷേപകരുടെയും പങ്കാളികളുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന വഴക്കമുള്ള നിക്ഷേപ അന്തരീക്ഷം എന്നിവയ്ക്ക് മുൻഗണന നൽകുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. 2.8 ബില്യൺ ദിർഹത്തിന്‍റെ 5.2% അഥവാ 593 മോർട്ട്ഗേജ് ഇടപാടുകളാണ് നടന്നത്. ബാങ്കിങ് മേഖലയിൽ നിന്നുള്ള പിന്തുണയും റിയൽ എസ്റ്റേറ്റ് സംരംഭങ്ങൾക്ക് ധനസഹായം നൽകാനുള്ള ധനകാര്യ സ്ഥാപനങ്ങളുടെ സന്നദ്ധതയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
പ്രാരംഭ വിൽപ്പന കരാറുകളുമായി ബന്ധപ്പെട്ട് 1,134 ഇടപാടുകളാണ് നടത്തിയത്, ഇത് ആകെ ഇടപാടുകളുടെ 10% വരും. ഉടമസ്ഥാവകാശ രേഖയുമായി ബന്ധപ്പെട്ട ഇടപാടുകൾ 4,682 അഥവാ 41.1% ആയി. ആകെ 3,465 ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകളാണ് നൽകിയത്. ഇത് മൊത്തം ഇടപാടുകളുടെ 30.5% വരും.
ജൂലൈയിൽ ഷാർജയിലെ നഗരങ്ങളിലും താമസ, വാണിജ്യ വ്യാവസായിക , കാർഷിക ഭൂമികൾ ഉൾപ്പെടെ 114 മേഖലകളിലാണ് വിൽപ്പന നടന്നത്. ആകെ 857 ഭൂമി വിറ്റു. ഷാർജയിൽ ആകെ 1,338 വിൽപ്പന ഇടപാടുകൾ നടന്നു, "അൽ-സെഹ്മ" 206 ഇടപാടുകളുമായി മുന്നിലെത്തി, "മുവൈലിഹ് കൊമേഴ്‌സ്യൽ" 200 ഇടപാടുകളും, "തിലാൽ" 186 ഇടപാടുകളും, "അൽ-മെട്രാഖ്" 155 ഇടപാടുകളും നടത്തി.
ഏറ്റവും ഉയർന്ന വ്യാപാര മൂല്യമുള്ള പ്രദേശങ്ങളുടെ കാര്യത്തിൽ, "തിലാൽ" മേഖല AED 467.9 ദശലക്ഷം മൂല്യവുമായി മുന്നിലെത്തി. "മുവൈലിഹ് കൊമേഴ്‌സ്യൽ" (AED 340.8 ദശലക്ഷം), "അൽ-സജാ ഇൻഡസ്ട്രിയൽ" ഏരിയ (AED318.3 ദശലക്ഷം), "അർഖൂബ് ഇൻഡസ്ട്രിയൽ" ഏരിയ (AED 316.7 ദശലക്ഷം) എന്നിവയാണ് തൊട്ടടുത്ത സ്‌ഥാനങ്ങളിൽ.