ജെഫേഴ്സൺ ജസ്റ്റിൻ

 
Pravasi

ജെഫേഴ്‌സന്‍റെ അകാല വിയോഗം അടുത്ത മാസം ഷാർജയിലേക്ക് വരാനിരിക്കേ; തീരാ വേദനയിൽ കുടുംബം

ലീഡ്‌സിലെ വെല്ലിംഗ്ടൺ റോഡിലാണ് അപകടം നടന്നത്

ഷാർജ: ഷാർജയിലുള്ള മാതാപിതാക്കളെയും സഹോദരങ്ങളെയും കാണാൻ അടുത്ത മാസം എത്താനിരിക്കെയാണ് മലയാളി യുവാവ് ജെഫേഴ്സൺ ജസ്റ്റിൻ യു കെ യിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചത്. റോഡിൻറെ വളവിൽ തിരിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് തെന്നിമാറി ബാരിയറിൽ ഇടിച്ചാണ് അപകടം ഉണ്ടായത് എന്ന് ജെഫേഴ്സണിന്‍റെ മൂത്ത സഹോദരൻ ഷാർജയിലുള്ള ജുവിൻ ജസ്റ്റിൻ പറഞ്ഞു. അടുത്ത മാസം ജെഫേഴ്സൺ വരുന്നതും കാത്ത് ഇരിക്കുകയായിരുന്ന മാതാപിതാക്കൾക്ക് ഈ വേദന താങ്ങാനാവുന്നില്ലെന്ന് ജുവിൻ പറയുന്നു. ലീഡ്‌സിലെ വെല്ലിംഗ്ടൺ റോഡിലാണ് അപകടം നടന്നതെന്നും ഇതിന് പിന്നിലെ കാരണം കണ്ടെത്താനുള്ള യു കെ പൊലീസിന്‍റെ അന്വേഷണം തുടരുകയാണെന്നുമുള്ള വിവരമാണ് യുഎഇ യിലുള്ള കുടുംബത്തിന് കിട്ടിയിട്ടുള്ളത്.

' അത്ര ശക്തിയുള്ള ബൈക്കായിരുന്നില്ല അവൻ ഉപയോഗിച്ചിരുന്നത്. ഗ്രാമീണ റോഡുകളിൽ മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന ബൈക്കായിരുന്നു അത്. നാല് വർഷമായി അതേ ബൈക്ക് തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഹെൽമെറ്റ്, കാൽമുട്ട് പാഡുകൾ, കയ്യുറകൾ തുടങ്ങി എല്ലാം കൃത്യമായി ധരിക്കണമെന്ന് നിഷ്‌കർഷ പുലർത്തിയിരുന്ന ആളായിരുന്നു. എന്നിട്ടും എങ്ങനെ സംഭവിച്ചു എന്നാണ് മനസിലാകാത്തത്' - നിറകണ്ണുകളോടെ ജുവിൻ പറയുന്നു. മൂന്ന് സഹോദരന്മാരിൽ രണ്ടാമനാണ് ജെഫേഴ്സൺ. ജോനാഥനാണ് ഇളയ സഹോദരൻ. മൂന്ന് പേരും ഷാർജയിലെ എമിറേറ്റ്സ് നാഷണൽ സ്കൂളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സഹോദരന്മാർ തമ്മിൽ ഗാഢമായ ബന്ധമാണ് ഉണ്ടായിരുന്നത്.

എപ്പോഴും പുഞ്ചിരിക്കുന്ന മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ തന്‍റെ സന്തോഷം ത്യജിക്കാൻ തയ്യാറായിരുന്ന . വ്യക്തിയായിരുന്നു ജെഫേഴ്സണെന്നും സഹോദരൻ ഓർമ്മിക്കുന്നു. ജെഫേഴ്സന്‍റെ മൃതദേഹം യുഎഇയിലേക്ക് കൊണ്ടു വരാനുള്ള നടപടികളാണ് കുടുംബം സ്വീകരിക്കുന്നത്.

'താമസിയാതെ ഇവിടെ സ്ഥിരതാമസമാക്കാനാണ് അവൻ ആഗ്രഹിച്ചത്. അതുകൊണ്ട് ഇവിടെ തന്നെ അന്ത്യവിശ്രമമൊരുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. എന്നാൽ അതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാവാൻ എത്ര നാളെടുക്കുമെന്ന് അറിയില്ല.'- ജുവിൻ പറഞ്ഞു.

യു കെ യിലെ കവന്‍റ്‌റി യൂണിവേഴ്സിറ്റിയിൽ ഗ്രാഫിക് ഡിസൈനിങ് പഠനം പൂർത്തിയാക്കിയ ശേഷം അവിടെ ഒരു കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു ജെഫേഴ്സൺ. മൃതദേഹം ഇപ്പോൾ ലീഡ്സ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

ഝാർഖണ്ഡിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; 18 മരണം, നിരവധി പേർക്ക് പരുക്ക്

ചേര്‍ത്തലയിൽ വീട്ടുവളപ്പില്‍ കണ്ടെത്തിയ അസ്ഥികൂടാവശിഷ്ടങ്ങൾ മനുഷ്യന്‍റേത് തന്നെയെന്ന് സ്ഥിരീകരണം

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; 3 മരണം, നിരവധി വീടുകൾ ഒലിച്ചുപോയി | Video

സ്കൂട്ടറുമായി റോഡിലിറങ്ങി പത്താം ക്ലാസ് വിദ്യാർഥി; അമ്മക്കെതിരേ കേസ്

സംസ്ഥാനത്ത് ചൊവ്വാഴ്ചയും മഴ തുടരും; 2 ജില്ലകളിൽ ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത