അബുദാബി: കേരള സോഷ്യൽ സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാഹിത്യ ശില്പശാലയുടെ സമാപനവും ഒരു വർഷം നീണ്ടുനിൽക്കുന്ന ഇൻഡോ - യുഎഇ കൾച്ചർ ഫെസ്റ്റും ഈ വർഷത്തെ വയലാർ അവാർഡ് നേടിയ അശോകൻ ചരുവിലിനെ ആദരിക്കുന്ന ചടങ്ങും പ്രമുഖ അറബ് കവി ഖാലിദ് അൽ ബദൂർ ഉദ്‌ഘാടനം ചെയ്തു. ഇന്ത്യയും - യുഎഇയും തമ്മിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സഹകരണത്തിന്‍റെയും, പരസ്പര ബഹുമാനത്തിന്‍റെയും അനുഭവം അദ്ദേഹം പങ്കുവച്ചു.
ഇന്ത്യയിൽ അദ്ദേഹം സഞ്ചരിച്ച നാടുകളുടെ കഥകൾ പറയുകയും സ്വന്തം കവിതകൾ ചൊല്ലുകയും ചെയ്തു. ഈ വർഷത്തെ വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിനെ കവി ഖാലിദ് അൽ ബദൂർ പൊന്നാട അണിയിച്ചു. സെന്‍റർ പ്രസിഡന്‍റ് ബീരാൻ കുട്ടി അശോകൻ ചരുവിലിന് ഉപഹാരം സമ്മാനിച്ചു. സമാപന സമ്മേളനത്തിൽ ആർട്ടിസ്റ്റാ ആർട്ട് ഗ്രൂപ്പിന്‍റെ വിവിധ കലാകാരന്മാർ 'ഇന്ത്യയും അറബ് സംസ്കാരവും' എന്ന വിഷത്തെ ആസ്പദമാക്കി വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു.ആർട്ട് ക്യാമ്പിന് പ്രുമുഖ ചിത്രകാരൻ ശശിൻസ നേതൃത്വം നൽകി. കേരള സോഷ്യൽ സെന്‍ററിന്‍റെ നേതൃത്വത്തിൽ അക്ഷരക്കൂട്ടം സാഹിത്യ കൂട്ടായ്‌മയുടെ സഹകരണത്തോടെയാണ് പരിപാടികൾ നടത്തിയത്.
നോവൽ, കഥ, കവിത,റേഡിയോ , മൈഗ്രേഷൻ ആന്‍റ് മോഡേനിറ്റി എന്നീ വിഭാഗങ്ങളിലായി നടന്ന ശില്പശാലയിൽ ഇ കെ ദിനേശൻ, ഐ എസ് സി സാഹിത്യ വിഭാഗം സെക്രട്ടറി നാസർ വിളഭാഗം, വെള്ളിയോടൻ, ഒമർ ഷരീഫ് എന്നിവർ മോഡറേറ്റർമാരായിരുന്നു. അശോകൻ ചരുവിൽ, റഫീഖ് അഹമ്മദ്, സ്മിത നെരവത്ത്, കെ പി കെ വെങ്ങര, സർജു ചാത്തന്നൂർ കുഴൂർ വിത്സൻ, കമറുദ്ദീൻ ആമയം, പി ശിവപ്രസാദ് എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രസംഗിച്ചു. അനന്ത ലക്ഷ്മി, സർജു ചാത്തന്നൂർ എന്നിവർ അറബ് കവി ഖാലിദ് അൽ ബദൂറിന്‍റെ കവിതകൾ ചൊല്ലി. പ്രീയ ശിവദാസ്,റഷീദ് പാലക്കൽ,മുഹമ്മദലി ,രമേഷ്പെരുമ്പിലാവ് ,അസി,ഹമീദ് ചങ്ങരംകുളം , എം സി നവാസ്, എന്നിവർ വിവിധ എഴുത്തുകാരുടെ നോവലും,കഥയും വായിക്കുകയും, ,കവിത ചൊല്ലുകയും ചെയ്തു.
ഏകദിന സാഹിത്യ ശില്പശാല എഴുത്തുകാരനും പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്‍റുമായ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. സെന്‍റർ പ്രസിഡന്‍റ് ബി കെ ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. സർജു ചാത്തന്നൂർ, കമറുദ്ധീൻ ആമയം, സെന്‍റർ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, സാഹിത്യവിഭാഗം സെക്രട്ടറി ഷെറീഫ് മാന്നാർ, ഷഹീർ ഹംസ, സാഹിത്യവിഭാഗം അസി.സെക്രട്ടറി ഹിശാം സെൻ, മലയാളം മിഷൻ കോർഡിനേറ്റർ സഫറുള്ള പാലപ്പെട്ടി,ധനേഷ് കുമാർ അനീഷ്, എന്നിവർ നേത്യത്വം നൽകി.