നാഷണൽ ബാങ്ക് ഓഫ് ഫുജൈറയുമായി സഹകരണ കരാറിൽ ഒപ്പുവെച്ച് ലുലു എക്സ്ചേഞ്ച്
ദുബായ്: ഉപയോക്താക്കൾക്ക് കൂടുതൽ സേവനങ്ങൾ നൽകുന്നതിനും, ബാങ്കിടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിനും വേണ്ടി നാഷണൽ ബാങ്ക് ഓഫ് ഫുജൈറയുമായി സഹകരിച്ച് പ്രവർത്തിക്കാൻ യുഎഇയിലെ പ്രമുഖ ക്രോസ്-ബോർഡർ പേയ്‌മെന്‍റ് ദാതാക്കളായ ലുലു എക്‌സ്‌ചേഞ്ച് തീരുമാനിച്ചു.
ഇതിന്‍റെ ഭാഗമായി നാഷണൽ ബാങ്ക് ഓഫ് ഫുജൈറയുടെ സേവനങ്ങൽ ഇനി ലുലു എക്സ്ചേഞ്ച് വഴിയും ലഭ്യമാകും. ദുബായിൽ നടന്ന ചടങ്ങിൽ ലുലു ഫിനാഷ്യൽ ഹോൾഡിങ്‌സ് മാനേജിങ് ഡയറക്റ്റർ അദീബ് അഹമ്മദിന്‍റെയും മറ്റു പ്രതിനിധികളുടെയും സാനിധ്യത്തിൽ ലുലു എക്സ്ചേഞ്ച് സിഇഒ തമ്പി സുദർശനനും ബാങ്ക് സിഇഒ അദിനാൻ അഹമദും ചേർന്നാണ് കരാർ ഒപ്പുവച്ചത്.
യുഎഇയിലുടനീളം നിലവിൽ 14 ശാഖകളാണ് എൻബിഎഫിനുള്ളത്. ലുലു എക്സ്ചേഞ്ചിന്‍റെ 142 ഉപയോക്തൃ കേന്ദ്രങ്ങളിലൂടെ ഉപയോക്താക്കൾക്ക് എൻബിഎഫ് സേവനങ്ങൾ ലഭിക്കും. 12 ലുലു എക്സ്ചേഞ്ച് ശാഖകളിൽ എടിഎമ്മുകൾ/സിഡിഎമ്മുകൾ ആദ്യ ഘട്ടത്തിൽ സ്ഥാപിക്കും. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ, അജ്മാൻ, ഫുജൈറ ഹൈ-സ്ട്രീറ്റ്, എന്നിവിടങ്ങിലാണ് ആദ്യഘട്ടത്തിൽ ഇത് സ്ഥാപിക്കുന്നത്.
ലുലു എക്സ്ചേഞ്ചുമായുള്ള ഈ സഹകരണം തങ്ങളുടെ ഉപയോക്താക്കൾക്ക് ലുലു എക്സ്ചേഞ്ചിന്‍റെ ശാഖകൾ വഴി സേവനം ലഭ്യമാകുന്ന തരത്തിലേക്ക് മാറുന്നത് തങ്ങളെ സംബന്ധിച്ച് സുപ്രധാനമായ നേട്ടമാണെന്ന് നാഷണൽ ബാങ്ക് ഓഫ് ഫുജൈറ സിഇഒ അദ്നാൻ അൻവർ പറഞ്ഞു.
എന്നും ഉപയോക്താക്കളുടെ സംതൃപ്തിക്ക് അനുയോജ്യമായ രീതിയിൽ വളരാനാണ് ലുലു എക്സ്ചേഞ്ച് ശ്രമിച്ചിരുന്നതെന്നും അതിന് വേണ്ടി പുതിയ പദ്ധതികൾ കൊണ്ടുവരുന്നതിൽ ഞങ്ങൾക്ക് കൂടുതൽ ശ്രദ്ധ വെച്ചിരുന്നതായും ലുലു എക്സ്ചേഞ്ച് യുഎഇയുടെ സിഇഒ തമ്പി സുദർശനൻ പറഞ്ഞു.