ഭാര്യയുടെ വാക്കു വിശ്വസിച്ച് ആരുമറിയാതെ പണം പിൻവലിച്ചു; ജോലിയും മാനവും നഷ്ടപ്പെട്ട് മലയാളി എൻജിനീയർ

 
Pravasi

ഭാര്യയുടെ വാക്കു വിശ്വസിച്ച് ആരുമറിയാതെ പണം പിൻവലിച്ചു; ജോലിയും മാനവും നഷ്ടപ്പെട്ട് മലയാളി എൻജിനീയർ

യുവാവ് പണം തിരിമറി നടത്തിയതിനുള്ള നിയമ നടപടികളും നേരിടണം.

ഷാർജ: 'അത്യാവശ്യമായി ഒരു ദിവസത്തേക്ക് ഒരു ലക്ഷം ദിർഹം വേണം, തൊട്ടടുത്ത ദിവസം തിരിച്ചുതരാം'. ഭാര്യയുടെ സ്‌നേഹപൂർവമായ നിർബന്ധത്തിന് വഴങ്ങി കമ്പനിയിൽ നിന്ന് ആരുമറിയാതെ പണം പിൻവലിച്ച മലയാളി എൻജിനീയർക്ക് നഷ്ടമായത് ജോലിയും ആത്മാഭിമാനവും. ഒപ്പം പണം തിരിമറി നടത്തിയതിനുള്ള നിയമ നടപടികളും. ഭാര്യയുടെ വഞ്ചനക്കിരയായ ഭർത്താവ് ഇന്ത്യൻ പ്രവാസികൾ നേരിടുന്ന ഗാർഹിക പീഡനവും സാമൂഹിക പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ നേതൃത്വത്തിൽ നടത്തുന്ന 'റൈസ്' എന്ന സംരംഭത്തിൽ പരാതി നൽകാനെത്തിയപ്പോഴാണ് ഇക്കാര്യം പുറത്തുവന്നതെന്ന് ഇതിന് നേതൃത്വം നൽകുന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ്ങ് കമ്മിറ്റി അംഗം യൂസഫ് സഗീർ പറഞ്ഞു.

ഒറ്റ ദിവസത്തേക്ക് ബാങ്ക് അക്കൗണ്ടിൽ തുക 'കാണിക്കാൻ' വേണ്ടി മാത്രമാണ് എന്ന് ഭർത്താവിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇവർ പണം കൈക്കലാക്കിയത്. തുക തിരിച്ചുനൽകാൻ ഇവർ വിസമ്മതിച്ചതോടെ സ്ഥാപനത്തിലെ മാനേജരായിരുന്ന ഭർത്താവിന് ജോലി നഷ്ടമായി,ഒപ്പം കമ്പനിയിലെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥൻ എന്ന സൽപ്പേരും. ഭർത്താവിനെ മാത്രമല്ല മറ്റുള്ളവരെയും യുവതി വഞ്ചിച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ അറിയാൻ സാധിച്ചതെന്ന് യുസഫ് സഗീർ പറയുന്നു. ഇതേക്കുറിച്ച് സംസാരിക്കാൻ അസോസിയേഷനിലേക്ക് ക്ഷണിച്ചപ്പോൾ അഭിഭാഷകന്‍റെ ഉപദേശ പ്രകാരം വരാനാവില്ലെന്ന് അറിയിച്ചതായി യുസഫ് സഗീർ വെളിപ്പെടുത്തി. നിയമപരമായ പരിഹാരത്തിനായി അസോസിയേഷൻ ഈ കേസ് കോടതികളിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസം മലയാളികളായ അതുല്യ, വിപഞ്ചിക എന്നിവർ ജീവനൊടുക്കിയതിനെ തുടർന്നാണ് ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ നേതൃത്വത്തിൽ 'റൈസ്' എന്ന പേരിൽ കുടുംബ തർക്ക പരിഹാര സംരംഭം ആരംഭിച്ചത്. ഷാർജ പോലീസിന്‍റെ കമ്മ്യൂണിറ്റി പ്രിവന്‍റീവ് ആൻഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്‍റുമായും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായും സഹകരിച്ചാണ് പുതിയ പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്. വ്യക്തികൾക്ക് communitysupport@iassharjah.com എന്ന ഇമെയിൽ വിലാസത്തിലോ 06-5610845 എന്ന നമ്പറിലോ ഷാർജ ഇന്ത്യൻ അസോസിയേഷനുമായി ബന്ധപ്പെടാം. രജിസ്റ്റർ ചെയ്ത അപേക്ഷകർക്ക് എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ. നടക്കുന്ന സെഷനിൽ പങ്കെടുക്കാം.

കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കും നേരേ വീണ്ടും ആക്രമണം; പിന്നിൽ 70 ഓളം ബജ്റംഗ്ദൾ പ്രവർത്തകർ

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കൽ; വീണ്ടും ചർച്ച തുടങ്ങി

കപില്‍ ശര്‍മയുടെ ക്യാനഡയിലെ കഫെയ്ക്കു നേരേ വീണ്ടും വെടിവയ്പ്പ്

കസ്റ്റഡിയിലെടുത്ത പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചത് ഭാര്യ; രണ്ടു പേരും പിടിയിൽ

601 ഡോക്റ്റർമാർക്കെതിരേ ആരോഗ്യ വകുപ്പിന്‍റെ നടപടി