കപിൽ രഞ്ജി തമ്പാൻ
ഹാമിൽട്ടൺ: സൗണ്ട് എൻജിനീയറും മാരാമൺ സ്വദേശിയുമായ കപിൽ രഞ്ജി തമ്പാൻ(42) ക്യാനഡയിൽ കാറപകടത്തിൽ കൊല്ലപ്പെട്ടു. കാലിഡോണിയ ഹാമിൽട്ടൺ ഹൈവേയിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാപിതാക്കളായ അമയിൽ കൊനാത്ത് രഞ്ജി ജോണിനും സ്വപ്നയ്ക്കും ഒപ്പം കുവൈറ്റിലാണ് കപിൽ താമസിച്ചിരുന്നത്. തുടർന്ന് നാട്ടിലെത്തിയ അദ്ദേഹം സൗണ്ട് എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ ശേഷം ബഹ്റൈനിലെ ആദ്യ എഫ്എം റേഡിയോയിൽ ജോലിക്കു കയറി.
ഒട്ടേറെ റേഡിയോ ജിംഗിളുകൾക്കും പരസ്യങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട് കപിൽ. ന്യൂയോർക്ക് റേഡിയോ പുരസ്കാരവും ലഭിച്ചു. കഴിഞ്ഞ വർഷമാണ് കുടുംബ സമേതം ക്യാനഡയ്ക്ക് പോയത്.
സംസ്കാരം പിന്നീട്. ഭാര്യ: അമ്പിളി, മക്കൾ: ലൈറ, ലിയോറ.