ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പു വരുത്താൻ പ്രതിജ്ഞാബദ്ധം: ന്യൂനപക്ഷ കമ്മീഷൻ അഡ്വ എ.എ.റഷീദ്
ഷാർജ: കേരളത്തിലെ നാല്പത്തിയെട്ടു ശതമാനത്തോളം വരുന്ന ന്യൂനപക്ഷങ്ങളുടെ സാമൂഹികവും നിയമപരവുമായ അവകാശങ്ങൾ ഉറപ്പു വരുത്താൻ ന്യൂനപക്ഷ കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്ന് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ എ.എ റഷീദ് പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ 'മാസ്' നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ, ജൈന, സിഖ്, പാഴ്‌സി വിശ്വാസികളുടെ അവകാശം ഉറപ്പുവരുത്തുവാൻ കമ്മീഷന്‍റെ പല വിധികൾക്കും കഴിഞ്ഞിട്ടുണ്ട്.
ഉദ്യോഗസ്ഥ ഇടപെടലിൽ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന അവസ്ഥയിൽ സൗജന്യമായി കമ്മീഷന് പരാതി നൽകുവാനും വിധി നടപ്പാക്കാനും കമ്മീഷന് കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാസ് ആക്റ്റിങ് പ്രസിഡന്‍റ് പ്രമോദ് മടിക്കൈയുടെ അധ്യക്ഷത വഹിച്ചു. ലോക കേരള സഭാംഗം പി. മോഹനൻ പ്രസംഗിച്ചു. മാസ് ജനറൽ സെക്രട്ടറി ബിനു കോറോം സ്വാഗതവും, ജോയിന്‍റ് സെക്രട്ടറി ബഷീർ കാലടി നന്ദിയും പറഞ്ഞു.