യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളെ ഇറാൻ ലക്ഷ്യമിടുന്നു.

 
Pravasi

ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർ ഭീതിയിൽ

ഗൾഫ് രാജ്യങ്ങളിലാകെയുള്ളത് ഒരു കോടിയോളം ഇന്ത്യക്കാർ

UAE Correspondent

ന്യൂഡൽഹി: യുഎസും ഇസ്രയേലും ചേർന്ന് ഇറാനെതിരേ നടത്തിയ ആക്രമണം വലിയൊരു യുദ്ധത്തിലേക്കു നീങ്ങുമ്പോൾ കടുത്ത ആശങ്കയിൽ പ്രവാസി ഇന്ത്യൻ സമൂഹം. 1990കളുടെ തുടക്കത്തിലെ കുവൈറ്റ് യുദ്ധത്തിനുശേഷം പ്രവാസി ഇന്ത്യൻ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണു ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാർ നേരിടുന്നത്.

ഗൾഫ് സഹകരണ കൗൺസിലിനു (ജിസിസി) കീഴിലുളള രാജ്യങ്ങളിലായി ഒരു കോടിയോളം ഇന്ത്യക്കാരാണുള്ളത്. ഇവരിൽ 40 ലക്ഷത്തിലേറെ പേർ യുഎഇയിലാണ്. സൗദി അറേബ്യയിൽ 27 ലക്ഷവും ഖത്തറിൽ എട്ടര ലക്ഷവും ഇന്ത്യക്കാരുണ്ട്. ജിസിസി രാജ്യങ്ങളിലെ പ്രവാസികളിൽ 22 ലക്ഷത്തിലേറെയാണു മലയാളികൾ.

ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടിച്ചതാണു ഗൾഫിലെ പ്രവാസികൾക്കും ഇന്ത്യയ്ക്കും ആശങ്ക വർധിപ്പിക്കുന്നത്. യുഎഇയിലെ അബുദാബിയിലുണ്ടായ മിസൈൽ ആക്രമണവും ഒരാളുടെ മരണവും പ്രവാസികൾക്കിടയിൽ ഭീതി പരത്തിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ കുടുംബാംഗങ്ങളുമായി ഫോണിൽ ബന്ധപ്പെട്ട് സുരക്ഷ ഉറപ്പാക്കുന്ന തിരക്കിലാണു നാട്ടിലുള്ളവർ.

സംഘര്‍ഷ സാധ്യത കണക്കുകൂട്ടിയിരുന്നെങ്കിലും ഇത്ര പെട്ടെന്ന് വിപുലമായ ആക്രമണം ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇറാനിലുള്ള ഇന്ത്യക്കാർ സാധ്യമായ ഏതു മാർഗമുപയോഗിച്ചും നാട്ടിലേക്കു മടങ്ങണമെന്നു കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിരുന്നു. എന്നാൽ, സംഘർഷത്തിലേക്ക് മറ്റു ഗൾഫ് രാജ്യങ്ങൾ കൂടി വലിച്ചിഴയ്ക്കപ്പെടുമെന്ന് അന്നാരും കരുതിയില്ല.

ശനിയാഴ്ച രാവിലെ 8.10 നാണ് ഇറാനു നേരെ ഇസ്രയേൽ, യുഎസ് സംയുക്ത വ്യോമാക്രമണം ആരംഭിക്കുന്നത്. ഇറാന്‍റെ മിസൈല്‍ സംഭരണ കേന്ദ്രങ്ങളേയും ആയുധ ശാലകളെയും നിര്‍മാണ കേന്ദ്രങ്ങളെയുമായിരുന്നു ഇസ്രയേലി മിസൈലുകള്‍ ലക്ഷ്യം വച്ചത്. അതേസമയം തന്നെ പശ്ചിമേഷ്യയിലെ യുഎസ് വ്യോമ താവളങ്ങളില്‍ നിന്നും ഇറാനെ ലക്ഷ്യമിട്ട് മിസൈലുകള്‍ പറന്നു.

ഇറാനിയന്‍ നേതാവ് അയത്തൊള്ള അലി ഖമനേയിയേയും ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്‍റെ ഇന്നതരെയും ഭരണകൂടത്തിലെ പ്രമുഖരേയും ലക്ഷ്യമിട്ടായിരുന്നു യുഎസ് ആക്രമണം. ഇതിനു മറുപടിയായാണ് ഖത്തർ, യുഎഇ, ബഹ്റൈൻ, കുവൈറ്റ് തുടങ്ങി വിവിധ ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെ ഇറാൻ ആക്രമിച്ചത്.

സംഘർഷം രൂക്ഷമായതു വ്യോമഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകളെല്ലാം തന്നെ റദ്ദാക്കി. അവധിക്ക് നാട്ടിൽ പോകാനിരുന്നവരും തിരികെ ജോലിക്ക് കയറാനിരുന്നവരും വലിയ പ്രതിസന്ധിയിലാണ്. കുവൈറ്റ് യുദ്ധകാലത്തും ഇറാഖ് യുദ്ധകാലത്തും ഗൾഫിലുള്ള ഇന്ത്യക്കാരെ കേന്ദ്ര സർക്കാർ വിമാനമാർഗം നാട്ടിലേക്ക് തിരികെയെത്തിച്ചിരുന്നു. എന്നാൽ, അന്ന് ഇന്നത്തേതുപോലെ എല്ലാ രാജ്യങ്ങളിലും ഒരുപോലെ ഭീഷണിയുണ്ടായിരുന്നില്ല. ഇത്തവണ വ്യോമാക്രമണം തുടരുന്നതിനാൽ പ്രവാസികളെ പൂർണമായി വിമാനമാർഗം ഒഴിപ്പിക്കുന്നത് എളുപ്പമല്ല. അതേസമയം, ഇസ്രയേലിലും ഇറാനിലും ജോലി ചെയ്യുന്ന മലയാളികൾ നിലവിൽ ബങ്കറുകളിലും സുരക്ഷിത കേന്ദ്രങ്ങളിലുമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

"ട്രംപിന്‍റെ തനിനിറം പുറത്തായി", ആക്രമണത്തിൽ നിശിത വിമർശനവുമായി റഷ്യ

യുഎസ് - ഇസ്രയേൽ സംയുക്ത ആക്രമണം; ഇറാനിൽ 51 പെൺകുട്ടികൾ കൊല്ലപ്പെട്ടു

ആന്ധ്ര പ്രദേശിൽ പടക്ക നിർമാണ ശാലയ്ക്ക് തീപിടിച്ചു; 18 പേർ വെന്തു മരിച്ചു, 6 പേർക്ക് ഗുരുതര പരുക്ക്

ഇറാൻ - ഇസ്രയേൽ സംഘർഷം; നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി

സംസ്ഥാന പൊലീസ് മേധാവിയുടെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടി; സേനയിൽ 51 അധിക തസ്തികകള്‍