രണ്ട് പതിറ്റാണ്ടിന് ശേഷം പ്രഭുദേവയും വടിവേലുവും ഒന്നിക്കുന്നു: സിനിമയുടെ പൂജ ദുബായിൽ നടന്നു
21 വർഷത്തെ ഇടവേളക്ക് ശേഷം തമിഴ് ചലച്ചിത്ര താരങ്ങളായ പ്രഭുദേവയും വടിവേലുവും ഒന്നിച്ച് അഭിനയിക്കുന്ന സിനിമയുടെ പൂജ ദുബായ് ബറാക് റെസ്റ്റോറന്‍റ് ഹാളിൽ നടന്നു. സാം റോഡ്രിക്‌സിന്‍റെ സംവിധാനത്തിൽ ദുബായിലെ പ്രമുഖ വ്യവസായി കണ്ണൻ രവിയുടെ കെആർ ഗ്രൂപ്പിന്‍റെ ഭാഗമായ കെആർജി പ്രൊഡക്ഷൻ കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. കെആർ ഗ്രൂപ്പ് ചെയർമാൻ കണ്ണൻ രവി, ബറാക് റെസ്റ്റോറന്‍റ് മാനേജിങ് ഡയറക്റ്റർ ദീപക് രവി, കുടുംബാംഗങ്ങൾ എന്നിവർ ചേർന്ന് വിളക്ക് തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.
കെആർ ഗ്രൂപ്പ് നിർമിക്കുന്ന നാലാമത്തെ സിനിമയിലാണ് 21 വർഷത്തെ ഇടവേളക്ക് ശേഷം പ്രഭുദേവ -വടിവേലു സഖ്യം വീണ്ടും ഒന്നിക്കുന്നത്. 2004 ൽ പുറത്തിറങ്ങിയ വിജയ് കാന്ത് ചിത്രം ‘എങ്കൾ അണ്ണ’യിലാണ് ഇവർ ഏറ്റവും ഒടുവിൽ ഒന്നിച്ചഭിനയിച്ചത്. വടിവേലു ഒരേസമയം തന്‍റെ മൂത്ത സഹോദരനും സുഹൃത്തുമാണെന്ന് പ്രഭുദേവ പറഞ്ഞു. വടിവേലു, യുവാൻ ശങ്കർ രാജ, സാം റോഡ്രിക്‌സ് എന്നിവരുമായി ഒന്നിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രഭുദേവ പറഞ്ഞു. 'വർഷങ്ങൾക്ക് ശേഷം വടിവേലുവിനൊപ്പം അഭിനയിക്കുന്നത് എനിക്ക് വളരെ സന്തോഷം നൽകുന്നു. ഞാൻ അദ്ദേഹത്തിന്‍റെ വലിയ ആരാധകനാണ്. വടിവേലു സെറ്റിൽ ഉണ്ടായാൽ എല്ലാവരും ചിരിച്ചുകൊണ്ടേയിരിക്കും. ഈ സിനിമ തീർച്ചയായും വലിയ വിജയമാകും,” പ്രഭു ദേവ പറഞ്ഞു.
“മാമന്നൻ, മാരീശൻ എന്നീ സിനിമകൾ എനിക്ക് വ്യത്യസ്തമായ വേഷങ്ങൾ നൽകി. എന്‍റെ മീംസ് ഞാൻ കാണാറില്ല. ജനങ്ങളോടൊപ്പമാണ് ജീവിക്കുന്നത്. പിന്നെ ഞാൻ എന്തിന് കാണണം? ഇത്തരത്തിലുള്ള സംഭാഷണങ്ങൾ ഞാൻ ജനങ്ങളിൽ നിന്ന് എടുത്ത് ജനങ്ങൾക്കുതന്നെ തിരികെ നൽകുന്നു,” നടൻ വടിവേലു പറഞ്ഞു.1994 ൽ ഇറങ്ങിയ കാതലന്‍റെ വിജയത്തിന് ശേഷം പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഘോഷിച്ച കോംബോയായിരുന്നു പ്രഭുദേവയും വടിവേലുവും.
ദുബായിൽ നടന്ന സിനിമയുടെ പൂജയിൽ പ്രഭുദേവ, വടിവേലു എന്നിവർക്ക് പുറമെ നടൻമാരായ ജീവ, തമ്പി രാമയ്യ, സംഗീത സംവിധായകൻ യുവാൻശങ്കർ രാജ, സംവിധായകൻ സാം റോഡ്രിക്‌സ് തുടങ്ങിയവരും പങ്കെടുത്തു. ജീവയെ നായകനാക്കി കണ്ണൻ രവി ഗ്രൂപ്പ് നിർമിക്കുന്ന മൂന്നാമത്തെ ചിത്രത്തിന് കഴിഞ്ഞദിവസം ദുബായിൽ നടന്ന ചടങ്ങിൽ ട്രിപ്പിൾ ടി എന്ന് പേരിട്ടിരുന്നു.
താൻ നിർമിക്കുന്ന നടൻ ജീവയുടെ 45-മത് സിനിമ ഉടൻ റിലീസ് ചെയ്യുമെന്നും മികച്ച വിനോദ ചിത്രമായിരിക്കും അതെന്നും നിർമാതാവ് കണ്ണൻ രവി പറഞ്ഞു. ഈ സിനിമയിൽ തമ്പി രാമയ്യ, നടി പ്രാർഥന എന്നിവരാണ് അഭിനയിക്കുന്നതെന്നും വിഷ്ണു വിജയാണ് സംഗീതം നൽകിയിട്ടുള്ളതെന്നും ചിത്രത്തിലെ നായകൻ ജീവ പറഞ്ഞു.
തന്‍റെ അടുത്ത സിനിമയും കണ്ണൻ രവിയാണ് നിർമിക്കുന്നത് എന്നും ജീവ വ്യക്തമാക്കി. തമിഴ് സിനിമാ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത കഥാപാത്രമായിരിക്കും ജീവയുടേതെന്ന് മലയാളി സംവിധായകൻ നിതീഷ് പറഞ്ഞു.