ദുബായിൽ പ്രകാശോത്സവം ഒക്‌ടോബർ 25 മുതൽ: ആഘോഷങ്ങൾ ഇന്ത്യൻ കോൺസുലേറ്റിന്‍റെ സഹകരണത്തോടെ  
Pravasi

ദുബായിൽ പ്രകാശോത്സവം ഒക്‌ടോബർ 25 മുതൽ: ആഘോഷങ്ങൾ ഇന്ത്യൻ കോൺസുലേറ്റിന്‍റെ സഹകരണത്തോടെ

ആഘോഷത്തിന്‍റെ ഭാഗമായി ഒക്‌ടോബർ 25 മുതൽ 27 വരെ അൽസീഫിൽ 'നൂർ -ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സ്' എന്ന പേരിൽ പ്രത്യേക പരിപാടി നടത്തും

ദുബായ്: വെളിച്ചത്തിന്‍റെയും നിറത്തിന്‍റെയും ഇന്ത്യൻ ഉത്സവമായ ദീപാവലിയുടെ ഭാഗമായി ദുബായിൽ ഒക്‌ടോബർ 25 മുതൽ പ്രകാശോത്സവം നടത്തും. ഇന്ത്യൻ കോൺസുലേറ്റിന്‍റെ സഹകരണത്തോടെ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീടെയിൽ എസ്റ്റാബ്ലിഷ്‌മെന്‍റ് ആണ് 'ഫെസ്റ്റിവൽ ഓഫ് ലൈറ്റ്‌സ്' സംഘടിപ്പിക്കുന്നത്.

നവംബർ 7 വരെ നീണ്ടുനിൽക്കുന്ന ഈ വർഷത്തെ ആഘോഷത്തിൽ പ്രത്യേക ദീപാവലി റീടെയിൽ പ്രമോഷനുകൾ, ഗോൾഡ്-ജ്വല്ലറി ഓഫറുകൾ, ഗ്രാൻഡ് റാഫിൾസ്, മെഗാ സമ്മാനങ്ങൾ, തത്സമയ കച്ചേരികൾ, സാംസ്കാരിക പ്രകടനങ്ങൾ, രുചികരമായ ഇന്ത്യൻ ഭക്ഷ്യ വിഭവങ്ങൾ, ഔട്ട്ഡോർ മാർക്കറ്റുകൾ, ആവേശകരമായ കരിമരുന്ന് പ്രയോഗങ്ങൾ തുടങ്ങിയവയാണ് ഉണ്ടാവുക.

വിപുലമായ ആഘോഷ പരിപാടികളുടെ വിശദാംശങ്ങൾ ബുർജുമാൻ മാളിലെ ബി ഹബ്ബിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, ഡിഎഫ്ആർഇ അസോസിയേറ്റ് വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഫറസ് എന്നിവർ പ്രഖ്യാപിച്ചു.

ആഘോഷത്തിന്‍റെ ഭാഗമായി ഒക്‌ടോബർ 25 മുതൽ 27 വരെ അൽസീഫിൽ 'നൂർ -ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സ്' എന്ന പേരിൽ പ്രത്യേക പരിപാടി നടത്തും. വിവിധ മാളുകൾ, ബിസിനസ് ഗ്രൂപ്പുകൾ, സാംസ്കാരിക സംഘടനകൾ എന്നിവയുടെ സജീവ പങ്കാളിത്തതോടെയാണ് പരിപാടി നടത്തുന്നത്.

‌25ന് അൽസീഫിലും; 25, 26, നവംബർ 1, 2 തീയതികളിൽ ഗ്ലോബൽ വില്ലേജിലും രാത്രി 9 മണിക്ക് കരിമരുന്ന് പ്രയോഗം ഉണ്ടാകും. യുകെയിലെ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ രമേശ് രംഗനാഥൻ 25ന് കൊക്കക്കോള അരീനയിൽ കോമഡി ഷോ അവതരിപ്പിക്കും.

25 മുതൽ 27 വരെ അൽസീഫിൽ നടക്കുന്ന നൂർ ഫെസ്റ്റിവൽ പ്രമുഖ ഇന്ത്യൻ കമ്പനിയായ ടീം വർക്‌സ് ആണ് നയിക്കുക. 26ന് ഇന്ത്യൻ ഹൈസ്കൂളിലെ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിൽ വിഖ്യാത ഗസൽ ഗായകൻ ജഗ്ജിത് സിങ്ങിനുള്ള സമർപ്പണമായി സംഗീത പരിപാടി നടത്തും.

28ന് ജുമൈറ പാർക്കിലെ ദുബായ് ബ്രിട്ടീഷ് സ്കൂളിൽ 'മീര: എക്കോസ് ഓഫ് ലവ്' നൃത്ത-സംഗീത നാടകം അരങ്ങേറും. 26ന് ഇത്തിസാലാത്ത് അക്കാദമിയിൽ ദീപാവലി ഉത്സവ് നടത്തും. നവംബർ 8ന് പ്രശസ്ത തിയ്യറ്റർ ത്രില്ലറായ 'അശ്വിൻ ഗിദ്വാനിസ് ബർഫ്' സാബീൽ തിയ്യറ്ററിൽ അവതരിപ്പിക്കും.

ദുബായ് ജ്വല്ലറി ഗ്രൂപ്പ് ഒക്‌ടോബർ 20 മുതൽ നവംബർ 7 വരെ നടത്തുന്ന കാമ്പയിനിൽ 500 ദിർഹമിന് സ്വർണ, വജ്ര ആഭരണങ്ങൾ വാങ്ങുന്ന 30 ഭാഗ്യശാലികൾക്ക് നറുക്കെടുപ്പിലൂടെ 150,000 ദിർഹം വരെയുള്ള സമ്മാനങ്ങൾ നൽകും.

ലുലു ഹൈപർ മാർക്കറ്റുകളിൽ ദീപാവലി പ്രമോഷൻ നവംബർ 3 വരെ നീണ്ടു നിൽക്കും. കുടുംബങ്ങൾക്ക് ഇഷ്ട വസ്ത്രങ്ങൾ മുതൽ ആകർഷകമായ ഗൃഹാലങ്കാര സാധനങ്ങളും, എല്ലാ ഉത്സവ അവശ്യ വസ്തുക്കളും വാങ്ങാം.

പരമ്പരാഗത മധുരപലഹാരങ്ങൾ, ദീപാവലി തീം ഷോപ്പിംഗ് ഗിഫ്റ്റ് കാർഡുകൾ എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ കോർപറേറ്റ് സമ്മാന പായ്ക്കുകളും ലുലുവിൽ ലഭ്യമാണ്. ഷോപ്പിങ്ങ് മാൾസ് ഗ്രൂപ്പിന്‍റെ ആകർഷക ഓഫറുകളും പ്രൊമോഷനുകളുമുണ്ട്.

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്