കടൽ കടന്നെത്തുന്ന നൂപുരധ്വനികൾ; മോഹിനിയാട്ടം അരങ്ങേറ്റത്തിനൊരുങ്ങി ഏഴ് പ്രവാസി നർത്തകിമാർ‌

 
Pravasi

കടൽ കടന്നെത്തുന്ന നൂപുരധ്വനികൾ; മോഹിനിയാട്ടം അരങ്ങേറ്റത്തിനൊരുങ്ങി ഏഴ് പ്രവാസി നർത്തകിമാർ‌

മൂന്നു വർഷമായി നീണ്ടു നിന്ന കഠിനമായ പരിശീലനത്തിനൊടുവിൽ ജൂലൈ 7ന് ഗുരുവായൂർ ക്ഷേത്രനടയിൽ ചിലങ്കയണിയുന്നതിന്‍റെ സന്തോഷത്തിലാണ് ഏഴ് പേരും.

MV Desk

ഗുരുവായൂർ: പ്രവാസത്തിന്‍റെ കനൽവഴികളിൽ പോലും വാടാതെ മനസ്സിൽ കാത്തുസൂക്ഷിച്ച നൃത്തച്ചുവടുകൾ ഗുരുവായൂരപ്പന്‍റെ സന്നിധിയിൽ സമർപ്പിക്കാനൊരുങ്ങുകയാണ് ബഹ്റിനിൽ നിന്നുള്ള ഏഴ് നർത്തകിമാർ. മണലാരണ്യത്തിലെ തിരക്കുകൾക്കിടയിലും മോഹിനിയാട്ടത്തെ നെഞ്ചിലേറ്റിയ പ്രവാസി വനിതകൾ... മൂന്നു വർഷമായി നീണ്ടു നിന്ന കഠിനമായ പരിശീലനത്തിനൊടുവിൽ ജൂലൈ 7ന് ഗുരുവായൂർ ക്ഷേത്രനടയിൽ ചിലങ്കയണിയുന്നതിന്‍റെ സന്തോഷത്തിലാണ് ഏഴ് പേരും.

വിമി ബിഗ്ലി, ഉമ കൃഷ്ണൻ, സോന സജിഷ്, ജീ മോൾ രാജീവ്‌, അഞ്ജലി രാജ്, ഐശ്വര്യ സിജു, കെ.എൻ.അലക എന്നിവരാണ് അരങ്ങേറ്റത്തിനായി ജന്മനാട്ടിലേക്ക് എത്തിയിരിക്കുന്നത്. പ്രായത്തിന്‍റെ അതിർവരമ്പുകളോ സാഹചര്യങ്ങളുടെ തടസ്സങ്ങളോ കലയെ പ്രണയിക്കുന്നവർക്ക് മുന്നിൽ ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഈ അമ്മമാരും വീട്ടമ്മമാരുമടങ്ങുന്ന സംഘം. കുടുംബം, ജോലി, കുട്ടികളുടെ പഠനം തുടങ്ങിയ പ്രവാസലോകത്തെ വലിയ ഉത്തരവാദിത്തങ്ങൾക്കിടയിലും കലയോടുള്ള അടങ്ങാത്ത അഭിനിവേശം ഒട്ടും ചോർന്നുപോകാതെ കാത്തുസൂക്ഷിച്ചു കൊണ്ടാണ് ഇവർ നൃത്ത പഠനം നടത്തിയത്. നൃത്താധ്യാപിക ആർ.എൽ.വി സന്ധ്യ പ്രചോദിന്‍റെ കീഴിലാണ് മൂന്ന് വർഷം മുൻപ് ഇവർ നൃത്തപഠനം ആരംഭിച്ചത്.

സ്വപ്നങ്ങൾക്ക് കൂട്ടായി പ്രിയപ്പെട്ടവർ

​ഈ സ്വപ്ന സാക്ഷാത്കാരത്തിന് പിന്നിൽ കുടുംബാംഗങ്ങളുടെ വലിയ പിന്തുണയുണ്ടെന്ന് നർത്തകിമാർ പറയുന്നു. പ്രവാസലോകത്തെ തിരക്കുകൾക്കിടയിൽ നൃത്തത്തിനായി സമയം കണ്ടെത്തുക എന്നത് എളുപ്പമായിരുന്നില്ല. എന്നാൽ വീട്ടുചുമതലകളിൽ സഹായിച്ചും വലിയ പ്രോത്സാഹനം നൽകിയും ഭർത്താക്കന്മാരും മക്കളും ഇവർക്കൊപ്പം നിന്നു. ഒപ്പം നാട്ടിലുള്ള മാതാപിതാക്കളുടെയും മറ്റ് പ്രിയപ്പെട്ടവരുടെയും പ്രാർത്ഥനയും പിന്തുണയും കൂടിയായപ്പോൾ ഈ നർത്തകിമാർക്ക് അത് കൂടുതൽ കരുത്തായി. ഇവരുടെ ആഗ്രഹങ്ങൾക്ക് കുടുംബം നൽകിയ ഈ പൂർണ്ണ സഹകരണമാണ് പ്രതിസന്ധികളെ മറികടന്ന് ഗുരുവായൂർ നടയിൽ അരങ്ങേറ്റം കുറിക്കാൻ ഈ ഏഴു പ്രവാസി വനിതകൾക്ക് വഴിയൊരുക്കിയത്

കാത്തിരിപ്പിന്‍റെ മൂന്നാം വർഷം

വെറുമൊരു കൗതുകത്തിന് തുടങ്ങിയ യാത്രയായിരുന്നില്ല ഇത്. ഓരോ ചുവടിലും അർപ്പണബോധത്തിന്‍റെയും വിയർപ്പിന്‍റെയും കഠിനാധ്വാനത്തിന്‍റെയും കഥയുണ്ട്. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അരങ്ങേറ്റം നേരിൽ കാണാൻ പ്രവാസലോകത്തുനിന്നും നാട്ടിൽനിന്നുമായി ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ വലിയൊരു സംഘം തന്നെ ഒഴുകിയെത്തും.

​"ഒരു വലിയ സ്വപ്നത്തിന്‍റെ പൂർത്തീകരണത്തിലാണ് ഞങ്ങൾ. ഭയവും ആകാംക്ഷയും ഒപ്പം ആവേശവും ഇപ്പോൾ മനസ്സിലുണ്ട്. ബഹ്റിനിലെ പരിശീലനം ഒട്ടും എളുപ്പമായിരുന്നില്ല, എങ്കിലും ഞങ്ങളുടെ ഗുരുവിന്‍റെ അകമഴിഞ്ഞ പിന്തുണയും ആത്മവിശ്വാസവുമാണ് ഞങ്ങളെ ഇവിടെ വരെ എത്തിച്ചത്," എന്ന് സംഘാംഗങ്ങൾ ഒരേ സ്വരത്തിൽ പറയുന്നു.

രാവിലെ ഓഫിസിലെത്തിയവരോട് ഇന്നുമുതൽ ജോലിയില്ലെന്ന് കമ്പനി; കേരളത്തിൽ കൂട്ടപ്പിരിച്ചുവിടൽ, പ്രതിഷേധിച്ചതോടെ മരവിപ്പിച്ചു

കരൂർ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി, നിയമന ഉത്തരവ് നേരിട്ട് കൈമാറാൻ വിജയ്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് മദ്യനയം പ്രഖ‍്യാപിച്ച ശേഷം; വ‍്യക്തമാക്കി മന്ത്രി എം. ലിജു

സ്റ്റിങ്ങിനും മറ്റ് ലഹരി വസ്തുക്കൾക്കും സ്കൂൾ പരിസരത്ത് നോ എൻട്രി!; പൂട്ടിടാൻ മഹാരാഷ്ട്ര സർക്കാർ

മുഖ്യമന്ത്രി പ്രവാസികളെ മറന്നു, പ്രതികരണം തികച്ചും ലജ്ജാകരം, പിൻവലിക്കണം; വി.ഡി. സതീശനെതിരേ സച്ചിദാനന്ദന്‍