ഷാർജ: അൽ ദൈദ് റോഡിലെ അൽ റുവൈദത്ത് പ്രദേശത്ത് അൽ വാഹ മേഖലയിൽ നിർമിച്ച സയ്യിദ ഖദീജ മസ്ജിദ് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി വിശ്വാസികൾക്ക് തുറന്നു കൊടുത്തു. പുതിയ മസ്ജിദിലെ സ്മാരക ഫലകവും അദ്ദേഹം അനാച്ഛാദനം ചെയ്തു.
ഫാത്തിമിയ്യാ വാസ്തുവിദ്യാ ശൈലിയിൽ ആധുനിക ഘടകങ്ങൾ സമന്വയിപ്പിച്ച് മനോഹര രൂപകല്പനയിൽ നിർമിച്ച പള്ളിയുടെ ആകെ വിസ്തീർണ്ണം 49,383 ചതുരശ്ര മീറ്ററാണ്. പ്രധാന പ്രാർത്ഥനാ ഹാളിൽ 1400 പുരുഷൻമാർക്കും, പോർട്ടിക്കോയിൽ 1325 പേർക്കും നമസ്കാര സൗകര്യമുണ്ട്. സ്ത്രീകളുടെ പ്രാർത്ഥനാ സ്ഥലത്ത് 140 പേർക്കാണ് നമസ്കരിക്കാൻ സൗകര്യമുള്ളത്.
ലൈബ്രറി, മയ്യിത്ത് പരിപാലന ഇടം, വാട്ടർ സ്റ്റേഷനുകൾ, വുദു ചെയ്യുന്ന സ്ഥലങ്ങൾ, വിശ്രമ മുറികൾ, 592 വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം, ഇമാമിനും മുഅദ്ദിനുമുള്ള വസതികൾ എന്നിവയാണ് ഇവിടത്തെ സൗകര്യങ്ങൾ.
10 മീറ്റർ വ്യാസമുള്ള ഒരു മധ്യ താഴികക്കുടവും 4.5 മീറ്റർ വ്യാസമുള്ള രണ്ട് ചെറിയ താഴികക്കുടങ്ങളും 40 മീറ്റർ ഉയരമുള്ള രണ്ട് മിനാരങ്ങളും ഈ പള്ളിയുടെ സവിശേഷതയാണ്. ഊർജ-ജല സംരക്ഷണ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആധുനിക പാരിസ്ഥിതിക മാനദണ്ഡങ്ങൾക്കനുസൃതമായിട്ടാണ് പള്ളി നിർമിച്ചിരിക്കുന്നത്
പള്ളിയോട് ചേർന്ന് നിർമിച്ച 639,931 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള അൽ റുവൈദത്ത് ഖബർസ്ഥാനിലെ സൗകര്യങ്ങൾ ഷാർജ ഭരണാധികാരി പരിശോധിച്ചു.