ഷാർജ പൊതു ഗ്രന്ഥശാല ശതാബ്ദിയുടെ നിറവിൽ: ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം 
Pravasi

ഷാർജ പൊതു ഗ്രന്ഥശാല ശതാബ്ദിയുടെ നിറവിൽ: ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം

ഈ മാസം 29 ന് അൽ ഹിസ്ൻ കോട്ടയിലാണ് ആഘോഷ പരിപാടികളുടെ ഉദ്‌ഘാടനം.

ഷാർജ: ഷാർജ പബ്ലിക് ലൈബ്രറിക്ക് 100 വയസ് തികയുന്നു. ശതാബ്ദിയുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ നടത്താനാണ് ഷാർജ ബുക്ക് അതോറിറ്റിയുടെ തീരുമാനം. ഈ മാസം 29 ന് അൽ ഹിസ്ൻ കോട്ടയിലാണ് ആഘോഷ പരിപാടികളുടെ ഉദ്‌ഘാടനം.

ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമിയുടെ ഭരണകാലത്താണ് യുഎഇയിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി ഷാർജയിൽ സ്ഥാപിച്ചത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശത്തെ തുടർന്നാണ് ഷാർജ ബുക്ക് അതോറിറ്റി (എസ്‌ബിഎ) ചെയർപേഴ്‌സൺ ഷെയ്ഖ ബോദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ മേൽനോട്ടത്തിൽ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

2011-ൽ എസ് പി എൽ എന്ന് പുനർനാമകരണം ചെയ്യുകയും പ്രശസ്തമായ കൾച്ചറൽ സ്ക്വയറിലേക്ക് മാറുകയും ചെയ്ത പബ്ലിക് ലൈബ്രറി എമിറേറ്റിന്‍റെ ബൗദ്ധികവും സാംസ്കാരികവുമായ യാത്രയുടെ പ്രതീകമാണ്. ഈ ശതാബ്ദി ആഘോഷിക്കുന്നതിനുള്ള സമഗ്രമായ പദ്ധതിയുടെ ഭാഗമായി, 13-ലധികം സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

'സാഹിത്യ തുടക്കങ്ങൾ', 'സാംസ്‌കാരിക നാഗരികത', 'സാഹിത്യത്തിന്‍റെയും കവിതയുടെയും ചക്രവാളങ്ങൾ', 'സാംസ്‌കാരിക സുസ്ഥിരത' എന്നീ നാല് വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

എമിറേറ്റിന്‍റെ അതിമനോഹരമായ സാംസ്കാരിക യാത്രയിലെ നിർണായക നിമിഷമായാണ് ശതാബ്ദി ആഘോഷത്തെ ഷെയ്ഖ ബൊദൂർ അൽ ഖാസിമി വിശേഷിപ്പിച്ചത്. പുസ്‌തകങ്ങളും അറിവുമാണ് അഭിവൃദ്ധി പ്രാപിക്കുന്ന രാഷ്ട്രങ്ങളുടെ അടിസ്ഥാന ശിലകളെന്ന വിശ്വാസം നമ്മിൽ പകർന്നു നൽകിയത് യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണെന്ന് ഷെയ്ഖ ബൊദൂർ അൽ ഖാസിമി പറഞ്ഞു.

1924 മുതൽ 1951 വരെ ഷാർജ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമി സ്ഥാപിച്ച ഈ ഗ്രന്ഥശാലയ്ക്ക് ആദ്യം അദ്ദേഹത്തിന്‍റെ കൊട്ടാരത്തിൽ അൽ ഖാസിമിയ ലൈബ്രറി എന്ന് പേരിട്ടു. 1956 വരെ ഇത് ഷാർജ കോട്ടയിൽ തുടർന്നു. പിന്നീട് അത് അൽ മുദീഫ് എന്നറിയപ്പെടുന്ന ഫോർട്ട് സ്ക്വയറിലെ ഒരു പുതിയ കെട്ടിടത്തിലേക്ക് മാറ്റി.

1980-ൽ അത് ആഫ്രിക്ക ഹാളിന്‍റെ മുകൾ നിലയിലേക്ക് മാറുകയും ഷാർജ ലൈബ്രറി എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 1987-ഓടെ ലൈബ്രറി ഷാർജ കൾച്ചറൽ സെന്‍ററിലേക്കും 1988-ൽ യൂണിവേഴ്സിറ്റി സിറ്റിയിലേക്കും മാറ്റി. 2011-ൽ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, കൾച്ചറൽ പാലസ് സ്ക്വയറിൽ എസ് പി എല്ലിന്‍റെ പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്തു.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ