1,578 പുതിയ ബിരുദ വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകി ഷാർജ ഭരണാധികാരി
ഷാർജ: ഷാർജ യൂണിവേഴ്സിറ്റിയിലെയും, അമെരിക്കൻ യൂണിവേഴ്‌സിറ്റിയിലെയും 1,578 പുതിയ ബിരുദ വിദ്യാർഥികൾക്ക് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സ്കോളർഷിപ് പ്രഖ്യാപിച്ചു. 2025 -26 അധ്യയന വർഷത്തെ പുതിയ ബിരുദ വിദ്യാർഥികൾക്കാണീ സ്‌കോളർഷിപ്പുകൾ ലഭിക്കുകയെന്ന് 'സീവ' സ്കോളർഷിപ് പ്രോഗ്രാം ഡയറക്റ്റർ അംന അൽ ഉവൈസ് അറിയിച്ചു.
ഷാർജ യൂണിവേഴ്‌സിറ്റി വിദ്യാർഥികൾക്ക് 1,400 സ്‌കോളർഷിപ്പുകളും, അമെരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ഷാർജ വിദ്യാർഥികൾക്ക് 178 സ്‌കോളർഷിപ്പുകളുമാണ് നൽകുക. സ്‌കോളർഷിപ്പ് അപേക്ഷാ സമയ പരിധി 2025 ഓഗസ്റ്റ് 10 വരെ നീട്ടാൻ ഷെയ്ഖ് സുൽത്താൻ നിർദേശിച്ചിട്ടുണ്ട്.
ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി സംപ്രേഷണം ചെയ്ത 'ഡയറക്റ്റർ ലൈൻ' പരിപാടിയിൽ ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സീവ) യിലെ സ്കോളർഷിപ് പ്രോഗ്രാം ഡയറക്റ്റർ അംന അൽ ഉവൈസാണ് അവതാരകൻ മുഹമ്മദ് അൽ റഈസിക്കൊപ്പം ഈ പ്രഖ്യാപനം നടത്തിയത്.