സമൂഹ മാധ്യമത്തിലൂടെ അപമാനം: 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധി
Representative image
അബൂദബി: സമൂഹ മാധ്യമത്തിലൂടെ സ്ത്രീയെ അപമാനിച്ച കേസിൽ മറ്റൊരു സ്ത്രീ 30,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി കുടുംബ സിവിൽ അഡ്മിനിസ്ട്രേറ്റിവ് ക്ലെയിംസ് കോടതി ഉത്തരവിട്ടു. അനുബന്ധ ചെലവുകൾ പ്രതി വഹിക്കണമെന്നും കോടതി നിർദേശിച്ചു. പ്രതി തന്‍റെ ഫോട്ടോകളിൽ ആക്ഷേപകരമായ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്തും, സോഷ്യൽ നെറ്റ്‌വർക്കിങ് ആപ്പ് വഴി സ്വകാര്യ സന്ദേശങ്ങൾ അയച്ചും തന്നെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വാദി സിവിൽ കേസ് ഫയൽ ചെയ്തത്.
പ്രതിയുടെ പ്രവൃത്തികൾ തനിക്ക് വൈകാരികവും മാനസികവുമായ ആഘാതം ഉണ്ടാക്കിയെന്നും150,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നും വാദി ആവശ്യപ്പെട്ടു. ഇലക്ട്രോണിക് ആശയ വിനിമയ മാർഗത്തിലൂടെ അപമാനകരമായ ഭാഷ പ്രതി ഉപയോഗിച്ചിട്ടുണ്ടെന്ന് കോടതി കണ്ടെത്തി. ഇതേത്തുടർന്നാണ് യു എ ഇ നിയമമനുസരിച്ച് 30,000 ദിർഹം വാദിക്ക് നൽകാൻ കോടതി ഉത്തരവിട്ടത്.