യുഎഇ യിൽ വേനൽ കടുക്കുന്നു: ഉച്ച കഴിഞ്ഞുള്ള മയ്യിത്ത് നിസ്കാരങ്ങൾ ഒഴിവാക്കണമെന്ന് അധികൃതർ
അബുദാബി: യുഎഇ യിൽ വേനൽ കടുക്കുന്ന സാഹചര്യത്തിൽ ഉച്ച കഴിഞ്ഞുള്ള സമയങ്ങളിൽ മയ്യിത്ത് നിസ്കാരങ്ങൾ നടത്തുന്നത് ഒഴിവാക്കാൻ ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്‍റ്സ് ആൻഡ് സകാത്ത് പൊതുജനങ്ങളെ ഉപദേശിച്ചു.
അതിരാവിലെയോ, വൈകുന്നേരമോ മയ്യിത്ത് നിസ്കാരങ്ങളും സംസ്കാര നടപടിക്രമങ്ങളും നിർവഹിക്കാമെന്നും അതോറിറ്റി നിർദേശിച്ചു. രാവിലെ 10 നും വൈകുന്നേരം 5നും ഇടയിൽ അത്തരം സേവനങ്ങൾ നടത്തുന്നതിനെതിരെയാണ് അതോറിറ്റി മുന്നറിയിപ്പ് നൽകിയത്.
യുഎഇയിലെ വേനൽക്കാലത്തെ ചൂടിൽ മയ്യിത്ത് നിസ്കാര-സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ അറിയിപ്പെന്നും ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്‍റ്സ് ആൻഡ് സകാത്ത് വ്യക്തമാക്കി.