31-ാമത് അബുദാബി അന്താരാഷ്ട്ര ചെസ് ഫെസ്റ്റിവലിന് വെള്ളിയാഴ്ച തുടക്കം
അബുദാബി: അബുദാബി സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാന്‍റെ രക്ഷാകർതൃത്വത്തിൽ നടത്തുന്ന 31-ാമത് അബുദാബി ഇന്‍റർനാഷണൽ ചെസ് ഫെസ്റ്റിവലിന് വെള്ളിയാഴ്ച തുടക്കമാവും.
ഓഗസ്റ്റ് 24 വരെ അബുദാബി കോർണിഷിലെ റാഡിസൺ ബ്ലൂ ഹോട്ടൽ & റിസോർട്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. 500,000 ദിർഹമാണ് ആകെ സമ്മാനത്തുക. അബുദാബി സ്‌പോർട്‌സ് കൗൺസിലിന്‍റെ മേൽനോട്ടത്തിൽ അബുദാബി ചെസ് & മൈൻഡ് ഗെയിംസ് ക്ലബാണ് പരിപാടിയുടെ സംഘാടകർ.
ഈ വർഷത്തെ ഫെസ്റ്റിവലിൽ 82 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 3,000-ത്തിലധികം കളിക്കാർ പങ്കെടുക്കും. കഴിഞ്ഞ തവണത്തേതിനേക്കാൾ 500-ലധികം പേരുടെ വർദ്ധനയുണ്ട്. വിവിധ പ്രായ വിഭാഗങ്ങൾക്കായി 27 ടൂർണമെന്‍റുകളും ചെക്കറുകൾ, ഡൊമിനോകൾ, ചെസ്സ്960 (ഫിഷർ റാൻഡം ചെസ്) എന്നീ മൂന്ന് പുതിയ മൈൻഡ് സ്‌പോർട്‌സ് മത്സരങ്ങളും ഫെസ്റ്റിവലിൽ ഉണ്ടാകും.
വെസ്റ്റ് ഏഷ്യ യൂത്ത് ചാംപ‍്യനും അറബ് യൂത്ത് ചാംപ‍്യനും യുഎഇ പുരുഷ ചാംപ‍്യനുമായ ഇമ്രാൻ അൽ ഹൊസാനിയുടെയും റോസ ഇസ്സ അൽ സെർകലിന്‍റെയും നേതൃത്വത്തിൽ യുഎഇയിലെ മുൻനിര താരങ്ങൾ പങ്കെടുക്കും. മാസ്റ്റേഴ്‌സ് ടൂർണമെന്‍റിലെ ടോപ്പ് സീഡ് സനൻ സുഗിറോവ്, രണ്ടാം സീഡ് അർകാദിജ് നൈഡിറ്റ്ഷ് എന്നിവരും മത്സരിക്കുന്നവരുടെ പട്ടികയിലുണ്ട്.
ദേശീയ ചാംപ‍്യൻ അമ്മാർ അൽ സ്ദരാനി, അറബ് ഗേൾസ് ചാംപ‍്യൻ അഹ്ലം റാഷിദ്, അബ്ദുൾറഹ്മാൻ അൽ താഹെർ, ഹമദ് അൽ കാഫ് എന്നിവർ വ്യത്യസ്ത പ്രായ വിഭാഗങ്ങളിൽ യുഎഇയെ പ്രതിനിധീകരിക്കുന്നുണ്ട്.