യുഎഇ യിൽ ഉച്ച വിശ്രമ നിയമം അവസാനിച്ചു
ദുബായ്: യുഎഇയിലെ തൊഴിലാളികളുടെ ഉച്ച വിശ്രമ നിയമം അവസാനിച്ചു. ജൂൺ 15 മുതൽ ഓഗസ്റ്റ് 15 വരെയുള്ള മൂന്നു മാസമാണ് ഉച്ച വിശ്രമ നിയമം നിലവിലുണ്ടായിരുന്നത്. ഈ വർഷം 99 ശതമാനം കമ്പനികളും നിയമം പാലിച്ചതായി മാനവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 21 വർഷമായി യുഎഇയിൽ വേനൽക്കാലത്ത് ഉച്ചവിശ്രമ നിയമം നടപ്പാക്കി വരുന്നു.
പകൽ 12.30 മുതൽ വൈകിട്ട് മൂന്ന് വരെ നേരിട്ടുള്ള സൂര്യപ്രകാശത്തിന് കീഴിൽ ജോലി ചെയ്യുന്നത് ഈ സമയത്ത് പൂർണമായും നിരോധിച്ചിരുന്നു. തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി.
നിയമം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ നിർമ്മാണ സ്ഥലങ്ങളിലും മറ്റു ജോലിയിടങ്ങളിലും കർശന പരിശോധനകൾ നടത്തിയിരുന്നു. 21 വർഷം തുടർച്ചയായി ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത് തൊഴിലാളികളോടുള്ള യുഎഇ യുടെ മാനുഷിക സമീപനം വ്യക്തമാക്കുന്നുവെന്ന് മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മോഹ്സിൻ അലി അൽ നാസ്സി പറഞ്ഞു.
ഈ വർഷത്തെ ക്യാംപയ്ന്‍റെ ഭാഗമായി ഡെലിവറി ജീവനക്കാർക്കായി രാജ്യത്തുടനീളം 10,000ൽ ഏറെ ശീതീകരിച്ച (എസി) വിശ്രമകേന്ദ്രങ്ങളും ഒരുക്കിയിരുന്നു. ഭക്ഷണവും പാനീയങ്ങളും നൽകുന്നതിനൊപ്പം തൊഴിലാളികളുടെ വൈദ്യപരിശോധനയും നടത്തി.