സമൂഹ മാധ്യമങ്ങൾ വഴി ട്രേഡിങ്ങ് തട്ടിപ്പ്: ഗൂഢ സംഘത്തെ പിടികൂടി ദുബായ് പൊലീസ്

 
Pravasi

സമൂഹ മാധ്യമങ്ങൾ വഴി ട്രേഡിങ്ങ് തട്ടിപ്പ്: ഗൂഢ സംഘത്തെ പിടികൂടി ദുബായ് പൊലീസ്

ബ്ലൂചിപ്പ് വഴി ഏകദേശം 250 മില്യൺ ദിർഹത്തിന്‍റെ തട്ടിപ്പ് നടത്തിയതായി യുഎഇ യിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Megha Ramesh Chandran

ദുബായ്: സമൂഹ മാധ്യമങ്ങൾ വഴി ട്രേഡിങ്ങ് തട്ടിപ്പ് നടത്തുന്ന സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാജ വ്യാപാര, നിക്ഷേപ പദ്ധതികൾ പ്രചരിപ്പിച്ച് ഓൺലൈൻ തട്ടിപ്പ് നടത്തിയിരുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. പ്രശസ്ത വ്യാപാര, നിക്ഷേപ പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളെന്ന് വ്യാജമായി അവകാശപ്പെട്ട് ഫോൺ കോളുകളിലൂടെയും സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെയുമാണ് ഇരകളെ ലക്ഷ്യം വച്ച് ഈ സംഘം തട്ടിപ്പ് നടത്തിയത്.

വേഗത്തിൽ ഉയർന്ന ലാഭം നേടാൻ കഴിയുമെന്ന് ഇരകളെ ബോധ്യപ്പെടുത്തുക,തുടർന്ന് തുക ട്രാൻസ്ഫർ ചെയ്യാൻ നിർദേശം നൽകുക, പിന്നീട് യുഎഇക്ക് പുറത്തുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം മാറ്റുക. ഇതാണ് ഇവരുടെ തട്ടിപ്പിന്‍റെ രീതി. സംഘത്തിന്‍റെ തട്ടിപ്പിനിരയായ വ്യക്തികളിൽ നിന്ന് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സമീപ വർഷങ്ങളിൽ വ്യാജ നിക്ഷേപ പദ്ധതികൾ മൂലം പതിനായിരക്കണക്കിന് യുഎഇ നിവാസികൾക്ക് അവരുടെ സമ്പാദ്യം നഷ്ടപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു.

ഏറ്റവും അവസാനം ബ്ലൂചിപ്പ് വഴി ഏകദേശം 250 മില്യൺ ദിർഹത്തിന്‍റെ തട്ടിപ്പ് നടത്തിയതായി യുഎഇ യിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിക്ഷേപം നടത്തുമ്പോൾ പൊലീസ് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ലൈസൻസില്ലാത്ത വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ ഇടപഴകുന്നത് ഒഴിവാക്കണമെന്നും ദുബായ് പൊലീസ് ആവശ്യപ്പെട്ടു.

സംശയകരമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഇ-ക്രൈം പ്ലാറ്റ്‌ഫോം, ദുബായ് പൊലീസ് ആപ്പ് അല്ലെങ്കിൽ 901 എന്ന നമ്പർ എന്നിവ വഴി റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

മെസിയും അർജന്‍റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് മുഖ‍്യമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനം ആത്മഹത‍്യാപരമെന്ന് കെ. സുരേന്ദ്രൻ

ഓണറേറിയം വർധനവിൽ തൃപ്തരല്ല; സമരം തുടരുമെന്ന് ആശമാർ

ക്ഷേമപെൻഷൻ 2000 രൂപയാക്കി; ആശമാർക്കും ആശ്വാസം

ഇന്ത‍്യ- പാക് യുദ്ധം അവസാനിച്ചത് തന്‍റെ ഭീഷണി മൂലമെന്ന് ട്രംപ്