യുഎഇയിലെ മിസൈൽ അലെർട്ട് സാങ്കേതിക തകരാറ് കാരണം. അപകടഭീഷണിയില്ലെന്ന് സ്ഥിരീകരണം.

 
Pravasi

ഫോണുകളിലേക്ക് ജാഗ്രതാ സന്ദേശം: സാങ്കേതിക തകരാറെന്ന് യുഎഇ

മിസൈൽ ആക്രമണ മുന്നറിയിപ്പായി എത്തിയ അടിയന്തര അലർട്ട് സാങ്കേതിക പിഴവ് കാരണമെന്ന് ആഭ്യന്തര മന്ത്രാലയം; രാജ്യത്ത് യാതൊരു സുരക്ഷാഭീഷണിയും ഇല്ലെന്ന് സ്ഥിരീകരണം

UAE Correspondent

ദുബായ്: യുഎഇയിൽ താമസക്കാരുടെയും സന്ദർശകരുടെയും മൊബൈൽ ഫോണുകളിൽ അടിയന്തര സുരക്ഷാ അലർട്ട് എത്തിയത് സാങ്കേതിക തകരാർ മൂലമെന്ന് അധികൃതർ. വെള്ളിയാഴ്ച വൈകിട്ട് യുഎഇ സമയം അഞ്ചേകാലോടെയാണ് ദുബായ്, അബുദാബി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ ജനങ്ങളുടെ ഫോണുകളിലേക്ക്, മിസൈൽ ആക്രമണ സാധ്യതയുണ്ടെന്ന തരത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ അടിയന്തര സന്ദേശം എത്തിയത്.

മിസൈൽ ഭീഷണിയുള്ളതിനാൽ ജനങ്ങൾ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറണമെന്നും ജനലുകളിൽ നിന്നും വാതിലുകളിൽ നിന്നും മാറിനിൽക്കണമെന്നുമായിരുന്നു ആദ്യ സന്ദേശത്തിലെ നിർദേശം. എന്നാൽ, ഈ സന്ദേശം വന്ന് മിനിറ്റുകൾക്കകം തന്നെ രാജ്യം പൂർണമായും സുരക്ഷിതമാണെന്ന് വ്യക്തമാക്കിക്കൊണ്ട് മന്ത്രാലയത്തിന്‍റെ രണ്ടാമത്തെ സന്ദേശമെത്തി. തൊട്ടുപിന്നാലെ, മുൻപ് ലഭിച്ച സുരക്ഷാ മുന്നറിയിപ്പ് പൂർണമായും അവഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൂന്നാമതൊരു അലർട്ട് കൂടി അധികൃതർ പുറപ്പെടുവിച്ചു.

സിസ്റ്റത്തിൽ പെട്ടെന്നുള്ള സാങ്കേതിക തകരാറാണ് തെറ്റായ സന്ദേശം പ്രചരിക്കാൻ കാരണമായതെന്നും, രാജ്യത്ത് നിലവിൽ യാതൊരുവിധ ആശങ്കയുടേയും സാഹചര്യമില്ലെന്നും ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ജനങ്ങൾ ആശ്രയിക്കണമെന്നും ദുബായ് മീഡിയ ഓഫിസും പൊലീസും അറിയിച്ചിട്ടുണ്ട്.

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; തട്ടിയെടുത്തതില്‍ 79 ലക്ഷം വീണ്ടെടുത്തു

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; നിര്‍മല സീതാരാമനെ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയേക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷി ചേരാന്‍ ഹര്‍ജി നല്‍കി ഇഡി

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

ചാംപ്യൻ ടീം ഇന്ത്യ അയർലൻഡിനോട് തോറ്റു!