ഷാർജ: ലോകത്തിലെ ഏറ്റവും നീളമുള്ള ഖുർആൻ കയ്യെഴുത്തു കാലിഗ്രാഫി തയാറാക്കി 'ലോങ്ങസ്റ്റ് ഹാൻഡ് റിട്ടൻ ഖുർആൻ' കാറ്റഗറിയിൽ ഗിന്നസ് ലോക റെക്കോഡ് നേടിയ മലയാളിയായ മുഹമ്മദ് ജസീം ഫൈസിക്ക് യുഎഇ സർക്കാരിന്‍റെ ഗോൾഡൻ വിസ ലഭിച്ചു. 1,106 മീറ്റർ നീളത്തിൽ ഖുർആൻ മുഴുവനും കൈ കൊണ്ട് എഴുതി തയാറാക്കി തിരൂരങ്ങാടി ചെറുമുക്ക് സ്വദേശിയായ ജസീം ഫൈസി ജാമിഅ നൂരിയ്യ അറബിക് കോളെജിന് കീഴിൽ കോഴിക്കോട്ട് നടന്ന ഖുർആൻ പ്രദർശന വേദിയിലൂടെയാണ് ഗിന്നസ് ദൗത്യത്തിന്‍റെ ഔദ്യാഗിക നടപടികൾ പൂർത്തിയാക്കിയത്.
ഈജിപ്ഷ്യൻ സ്വദേശി മുഹമ്മദ് ഗബ്രിയാലിന്‍റെ പേരിൽ ഉണ്ടായിരുന്ന 700 മീറ്ററെന്ന റെക്കോഡാണ് 2023ൽ ജസീം ഫൈസി തിരുത്തിയത്. കോവിഡ് കാലത്തെ ലോക്ഡൗൺ ഉപയോഗപ്പെടുത്തിയാണ് രണ്ട് വർഷം കൊണ്ട് ജസീം ഫൈസി ഖുർആൻ എഴുതി പൂർത്തീകരിച്ചത്.