ഷെയ്ഖാ ഫാത്തിമയുടെ നിർദേശത്തിന് അംഗീകാരം: യുഎഇക്ക് വനിതാ ദിന പ്രമേയമായി
അബുദാബി: ജനറൽ വിമൻസ് യൂണിയൻ (ജിഡബ്ലിയുയു) ചെയർപേഴ്സണും, യുഎഇ സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡ് പ്രസിഡന്‍റും, ഫാമിലി ഡെവലപ്‌മെന്‍റ് ഫൗണ്ടേഷൻ (എഫ്ഡിഎഫ്) സുപ്രീം ചെയർവുമണുമായ രാഷ്ട്ര മാതാവ് ഷെയ്ഖാ ഫാത്തിമ ബിൻത് മുബാറക്കിന്‍റെ നിർദേശ പ്രകാരം 'കൈകൾ കോർത്ത് ഞങ്ങൾ 50 വർഷം ആഘോഷിക്കുന്നു' എന്ന പ്രമേയം 2025ലെ ഇമാറാത്തി വനിതാ ദിനത്തിന്‍റെ ഔദ്യോഗിക പ്രമേയമായി അംഗീകരിച്ചു.
എല്ലാ വർഷവും ഓഗസ്റ്റ് 28നാണ് വനിതാ ദിനം ആഘോഷിക്കുന്നത്. 1975ൽ ജനറൽ വിമൻസ് യൂണിയൻ സ്ഥാപിതമായതിന്‍റെ 50-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ വർഷത്തെ ആഘോഷം. സമൂഹ പങ്കാളിത്തത്തിന്‍റെയും അഞ്ച് പതിറ്റാണ്ടുകളായി ഇമാറാത്തി സ്ത്രീകളുടെ തുടർച്ചയായ നേട്ടങ്ങളുടെയും ദേശീയ ആഘോഷത്തെ ഈ പ്രമേയം പ്രതിഫലിപ്പിക്കുന്നു.
'ഹാൻഡ് ഇൻ ഹാൻഡ്' എന്ന പ്രമേയത്തിൽ 2025നെ സമൂഹവർഷമായി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ പ്രഖ്യാപിച്ചത്തിന്റെ ചുവട് പിടിച്ചാണ് വനിതാ ദിനാചരണത്തിന് ഈ പ്രമേയം തിരഞ്ഞെടുത്തത്.