യുഎഇ പെർമിറ്റില്ലാതെ ഹജ്ജിന് പോകുന്നവർക്ക് 50,000 ദിർഹം പിഴ
ദുബായ്: യുഎഇയുടെ പെർമിറ്റ് ഇല്ലാതെ ഹജ്ജിന് പോകുന്ന തീർഥാടകർക്ക് 50,000 ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ ജനറൽ അതോറിറ്റി ഓഫ് ഇസ്‍ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്‍റ്സ് ആൻഡ് സകാത്ത് മുന്നറിയിപ്പ് നൽകി.
അതോറിറ്റി നൽകുന്ന ഔദ്യോഗിക പെർമിറ്റ് അനുസരിച്ചാണ് ഹജ്ജ് നിർവഹിക്കേണ്ടതെന്നും അതോറിറ്റി വ്യക്തമാക്കി.
യുഎഇ തീർഥാടകർ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും, ഔദ്യോഗിക നടപടിക്രമങ്ങൾ മറികടന്ന് അവരുടെ സമയമോ പണമോ സുരക്ഷയോ അപകടത്തിലാക്കരുതെന്നും അധികൃതർ അഭ്യർഥിച്ചു. അനധികൃതമായി പുണ്യ സ്ഥലങ്ങളിൽ പ്രവേശിക്കുന്നത് തടയുന്നതിനാണ് നടപടിയെന്നും അതോറിറ്റി വിശദീകരിച്ചു.
പെർമിറ്റില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കുന്നവരോ, അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നവരോ പിടിയിലായാൽ 20,000 റിയാൽ വരെ പിഴ ചുമത്തും. ദുൽ ഖഅദ്1 (ഏപ്രിൽ 29) മുതൽ ദുൽഹിജ്ജ 14 വരെ മക്കയിൽ പ്രവേശിച്ച് അവിടെ താമസിക്കാൻ ശ്രമിക്കുന്ന വിസിറ്റ് വിസ ഉടമകൾക്കും ഇതേ ശിക്ഷ ബാധകമാണ്.
തങ്ങളുടെ സ്പോൺസർഷിപ്പിന് കീഴിലുള്ള പ്രവാസികൾ വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടതായി റിപ്പോർട്ട് ചെയ്യാതെ വന്നാൽ സ്പോൺസർമാർക്ക് 50,000 റിയാൽ പിഴ ചുമത്തും.