ഷെയ്ഖ് ഹംദാന്‍റെ ഇന്ത്യൻ സന്ദർശനത്തിന്‍റെ ഓർമയ്ക്ക് തൊഴിലാളികൾക്കായി യുഎഇ-ഇന്ത്യ സൗഹൃദ ആശുപത്രി

 
Pravasi

ഷെയ്ഖ് ഹംദാന്‍റെ ഇന്ത്യൻ സന്ദർശനത്തിന്‍റെ ഓർമയ്ക്ക് തൊഴിലാളികൾക്കായി യുഎഇ-ഇന്ത്യ സൗഹൃദ ആശുപത്രി

ഷെയ്ഖ് ഹംദാന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി വെർച്വൽ യുഎഇ-ഇന്ത്യ വ്യാപാര ഇടനാഴിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ദുബായ്: യു എ ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ചരിത്രപരമായ ഇന്ത്യാ സന്ദർശനത്തിന്‍റെ ഓർമക്കായി ദുബായിൽ തൊഴിലാളികൾക്കായി യുഎഇ-ഇന്ത്യ സൗഹൃദ ആശുപത്രി സ്ഥാപിക്കുന്നു. ബ്ലൂ കോളർ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ആശുപത്രിയായിരിക്കും ദുബായിൽ പ്രവർത്തിക്കുന്നത്.

ദുബായ് ഹെൽത്തും ആശുപത്രിയുടെ സ്ഥാപക ട്രസ്റ്റികളായി പ്രവർത്തിക്കുന്ന അഞ്ച് ഇന്ത്യൻ സംരംഭകരുടെ സംഘവും സംയുക്തമായിട്ടാണ് ആശുപത്രി സ്ഥാപിക്കുന്നത്. മുംബൈയിൽ ദുബായ് ചേംബേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ സംരംഭകരും ദുബായ് ഹെൽത്തിന്‍റെ സിഇഒ ഡോ. അമർ ഷെരീഫുംഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. കെഫ് ഹോൾഡിംഗ്‌സിന്‍റെ ചെയർമാൻ ഫൈസൽ കൊട്ടികോളൻ , അപ്പാരൽ ഗ്രൂപ്പ് ചെയർമാൻ നിലേഷ് വേദ്, ബ്യൂമെർക്ക് കോർപ്പറേഷന്‍റെ എക്‌സിക്യൂട്ടീവ് ചെയർമാൻ സിദ്ധാർത്ഥ് ബാലചന്ദ്രൻ, ഇഎഫ്എസ് ഫെസിലിറ്റീസ് വൈസ് ചെയർമാൻ താരിഖ് ചൗഹാൻ, ട്രാൻസ്‌വേൾഡ് ഗ്രൂപ്പ് ചെയർമാൻ രമേശ് എസ് രാമകൃഷ്ണൻ എന്നിവരാണ് ആശുപത്രിയുടെ സ്ഥാപക ട്രസ്റ്റിമാർ. യുഎഇ -ഇന്ത്യ ബിസിനസ് കൗൺസിൽ - യുഎഇ ചാപ്റ്റർ അംഗങ്ങളാണ് ഈ സംരംഭകർ.

ഷെയ്ഖ് ഹംദാന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി വെർച്വൽ യുഎഇ-ഇന്ത്യ വ്യാപാര ഇടനാഴിയും പ്രഖ്യാപിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, ഉന്നത വിദ്യാഭ്യാസം, സമുദ്ര സേവനങ്ങൾ, ലോജിസ്റ്റിക്സ്, സ്വകാര്യ മേഖലയിലെ പങ്കാളിത്തം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലെ സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ള എട്ട് ധാരണാപത്രങ്ങളിൽ ഷെയ്ഖ് ഹംദാനും ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഒപ്പുവച്ചു. മുംബൈയിൽ ദുബായ് ചേംബേഴ്സ് സംഘടിപ്പിച്ച പരിപാടിയിലാണ് ധാരണാപത്രങ്ങൾ ഒപ്പുവച്ചത്.

ഇന്ത്യയുടെ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പ്രമുഖ അടിസ്ഥാന സൗകര്യ, കൺസൾട്ടൻസി, എഞ്ചിനീയറിംഗ് സ്ഥാപനമായ ആർഐടിഇഎസുമായി ഡിപി വേൾഡ് ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഡിപി വേൾഡിന്‍റെ ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായം, ആർഐടിഇഎസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാഹുൽ മിത്തൽ എന്നിവർ ഒപ്പുവച്ച ഈ കരാർ, പ്രതിരോധ ശേഷിയുള്ളതും സാങ്കേതിക തികവുള്ളതുമായ വിതരണ ശൃംഖലകൾ വികസിപ്പിക്കുന്നതിനും ആധുനിക ലോജിസ്റ്റിക്സും സമുദ്ര ശേഷികളും മെച്ചപ്പെടുത്തുന്നതിനുമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യയിലെത്തിയത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു