ജന്മദിനാഘോഷത്തിന്‍റെ നിറവിൽ യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 76-ാം ജന്മദിനം ആഘോഷിച്ചു. യുഎഇ യുടെ വർത്തമാന കാല വളർച്ചയിൽ ധൈഷണികവും ഭരണപരവുമായ പങ്ക് വഹിക്കുന്ന ഭരണാധികാരിയാണ് ഷെയ്ഖ് മുഹമ്മദ്.
1 ബില്യൺ മീൽസ് സംരംഭത്തിന് നേതൃത്വം നൽകിയതും, ആയിരക്കണക്കിന് തടവുകാർക്ക് മാപ്പ് നൽകിയതും, റെക്കോഡ് നേട്ടമുണ്ടാക്കിയ 'ഫാദേഴ്‌സ് എൻഡോവ്‌മെന്‍റ്' കാംപയിനും, 'താങ്ക് യു ഷെയ്ഖാ ഹിന്ദ്' ക്യാംപയിനിലൂടെ പത്നിയുടെ സംഭാവനകൾ അനുസ്മരിച്ചതും ഉൾപ്പെടെയുള്ള അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഷെയ്ഖ് മുഹമ്മദിന്‍റെ ഏറ്റവും ശ്രദ്ധേയമായ മാനുഷിക സംരംഭങ്ങൾ:
1 ബില്യൺ മീൽസ്
മിഡിൽ ഈസ്റ്റ് മേഖലയിലെ ഏറ്റവും വലിയ മാനുഷിക യത്നങ്ങളിലൊന്നായ '1 ബില്യൺ മീൽസ്' സംരംഭം വിജയകരമായി പൂർത്തിയാക്കിയതായി ജൂലൈ 4ന് ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു. 65 രാജ്യങ്ങളിലായി ഒരു ബില്യൺ ഭക്ഷണം എത്തിക്കുക എന്ന സ്വപ്ന പദ്ധതിയാണ് ഷെയ്ഖ് മുഹമ്മദ് പൂർത്തീകരിച്ചത്.
2022 റമദാനിലായിരുന്നു ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. മാനവിക മൂല്യങ്ങളോടുള്ള യുഎഇയുടെ ശക്തമായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ ജീവകാരുണ്യ സംരംഭം. പുതുതായി സ്ഥാപിതമായ സുസ്ഥിര റിയൽ എസ്റ്റേറ്റ് എൻഡോവ്‌മെന്‍റ് പിന്തുണയോടെ 2026 ൽ 260 ദശലക്ഷം ഭക്ഷണം കൂടി വിതരണം ചെയ്യാനുള്ള പദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിച്ചു.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്‌സാണ് ഇത്തരം ജീവകാരുണ്യ പദ്ധതികൾ ഏകോപിപ്പിക്കുന്നത്. ഈദ് അൽ അദ്ഹയ്ക്ക് മുന്നോടിയായി 985 തടവുകാർക്കും, റമദാനിന് മുന്നോടിയായി 1,518 തടവുകാർക്കും ഷെയ്ഖ് മുഹമ്മദ് ഈ വർഷം ഫെബ്രുവരി-ജൂൺ മാസങ്ങളിലായി മാപ്പ് നൽകി.
56.8 മെട്രിക് ടൺ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം
ഷെയ്ഖ് മുഹമ്മദിന്‍റെ നിർദേശ പ്രകാരം ദുബായ് ഹ്യുമാനിറ്റേറിയൻ പ്രസ്ഥാനം ഈ വർഷം ഏപ്രിലിൽ രണ്ട് പ്രധാന മാനുഷിക എയർ ലിഫ്റ്റുകൾ നടത്തി. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് ലോകാരോഗ്യ സംഘടനയുമായി ഏകോപിപ്പിച്ച് ഏകദേശം 150,000 ആളുകളെ സഹായിക്കുന്നതിനായി 39.5 മെട്രിക് ടൺ നിർണായക മെഡിക്കൽ സാമഗ്രികൾ ഏപ്രിൽ 11ന് വിമാനത്തിൽ മ്യാൻമറിലേക്ക് അയച്ചു.
ഏപ്രിൽ 24ന് ഗസ്സയിലെ 2,50,000ത്തിലധികം പേരെ സഹായിക്കാനായി ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലേക്ക് ലോകാരോഗ്യ സംഘടന (ഡബ്ലിയു.എച്ച്.ഒ) മുഖേന 56.8 മെട്രിക് ടൺ മെഡിക്കൽ ഉപകരണങ്ങൾ അയച്ചു.
ഫാദേഴ്‌സ് എൻഡോവ്‌മെന്‍റ്
മുഹമ്മദ് ബിൻ റാഷിദ് ഗവൺമെന്‍റ് ഇനീഷ്യറ്റിവ് പ്രകാരം ഇക്കൊല്ലം ഫെബ്രുവരി 21ന് ഷെയ്ഖ് മുഹമ്മദ് ആരംഭിച്ച ഫാദേഴ്‌സ് എൻഡോവ്‌മെന്‍റ് ക്യാംപയിൻ അഭൂതപൂർവമായ വിജയം നേടി. 3.72 ബില്യൺ ദിർഹം ആണ് സമാഹരിച്ചത്. 277,000ത്തിലധികം ദാതാക്കളിൽ നിന്നുള്ള സംഭാവനകളോടെ 1 ബില്യൺ ദിർഹം എന്ന ലക്ഷ്യം മറികടന്നു.
റമദാനിൽ പിതാക്കന്മാരെ ആദരിക്കാനായി ആരംഭിച്ച ഈ കാംപയിൻ യുഎഇയുടെ 'സമൂഹ വർഷാചരണ'വുമായി ചേർന്നാണ് നടത്തിയത്.
2025 ജനുവരി 4 ന് ഷെയ്ഖ് മുഹമ്മദ് തന്‍റെ പത്നി ഷെയ്ഖാ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂമിനെ കുടുംബത്തിനും സമൂഹത്തിനും മാനുഷിക പ്രവർത്തനങ്ങൾക്കും നൽകിയ അചഞ്ചല പിന്തുണയുടെ പേരിൽ ആജീവനാന്തം ആദരിക്കുന്നതിനായി 'നന്ദി, ഷെയ്ഖാ ഹിന്ദ്' ക്യാംപയിൻ തുടങ്ങി.
അഭയാർഥി സമൂഹങ്ങൾക്കായുള്ള യുഎൻ ഏജൻസിക്ക് 10 മില്യൺ ഡോളർ പ്ലെഡ്ജ്
നിർബന്ധിതമായി കുടിയിറക്കപ്പെട്ട സമൂഹങ്ങൾക്കായുള്ള സുസ്ഥിര ഉപജീവനമാർഗം ഉറപ്പുവരുത്തുന്നതിനായി ഐക്യ രാഷ്ട്ര സഭയുടെ അഭയാർത്ഥി കമ്മീഷണർ ഓഫിസിന് യുഎൻസിഎച്ച്ആറിനെ പിന്തുണയ്ക്കാനുള്ള 10 മില്യൺ ഡോളർ (36 മില്യൺ ദിർഹം) ഈ വർഷത്തെ വേൾഡ് എകണോമിക് ഫോറത്തിൽ വാഗ്ദാനം ചെയ്തു. ഇത് സംബന്ധിച്ച് ഷെയ്ഖ് മുഹമ്മദിന്‍റെ എംബിആർജിഐയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.
എംബിആർജിഐ അസിസ്റ്റന്‍റ് സെക്രട്ടറി ജനറൽ സഈദ് അൽ ഈദറും യുഎൻസിഎച്ച്ആർ ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡിയും ഒപ്പുവച്ച ഈ കരാർ സകാത്ത്, സദഖ സംഭാവനകളിലൂടെ അഭയാർഥികളെയും കുടിയിറക്കപ്പെട്ട കുടുംബങ്ങളെയും ശാക്തീകരിക്കാൻ ലക്ഷ്യമിടുന്നതാണ്.