എണ്ണയിതര വരുമാനത്തിൽ വൻ വളർച്ച നേടി യുഎഇ
അബുദാബി: ഈ വർഷത്തെ ആദ്യ പാദത്തിൽ എണ്ണയിതര വരുമാനത്തിൽ വൻ വളർച്ച കൈവരിച്ച് യുഎഇ. ആദ്യ മൂന്ന് മാസത്തിൽ എണ്ണ ഇതര ജിഡിപി 5.3 ശതമാനം ഉയർന്ന് 35,200 കോടി ദിർഹമായി ഉയർന്നു.
ജനുവരി മുതൽ മാർച്ച് വരെയുള്ള കണക്കനുസരിച്ച് രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉൽപാദനം 45,500 കോടി ദിർഹമാണ്. ഇതിന്‍റെ 77.3 ശതമാനവും എണ്ണ ഇതര മേഖലയിൽനിന്നാണെന്ന് ഫെഡറൽ കോംപറ്ററ്റീവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2024ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 7.7 ശതമാനത്തിന്‍റെ വർധനയാണ് രേഖപ്പെടുത്തിയത്.
യുഎഇയുടെ സമഗ്ര വികസന മാതൃകയ്ക്കുള്ള അംഗീകാരം കൂടിയാണിതെന്ന് മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു. അടുത്ത ദശകത്തിനുള്ളിൽ ജിഡിപി 3 ട്രില്യൺ ദിർഹമാണ് യുഎഇ ലക്ഷ്യമിടുന്നത്.