യുഎഇ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിലെ വിദേശ താമസക്കാർക്ക് കുവൈത്തിൽ വിസാ ഓൺ അറൈവൽ സൗകര്യം

 
Pravasi

യുഎഇ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിലെ വിദേശ താമസക്കാർക്ക് കുവൈത്തിൽ വിസാ ഓൺ അറൈവൽ സൗകര്യം

നേരത്തെ, ജിസിസി താമസ വിസയുള്ള വിദേശ പാസ്‌പോർട്ട് ഉടമകൾക്ക് കുവൈത്തിലേക്ക് പോകുന്നതിന് മുൻപ് ഇ-വിസ ലഭിക്കേണ്ടതുണ്ടായിരുന്നു.

ദുബായ്: യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ വിദേശ താമസക്കാർക്ക് ഇനി മുതൽ കുവൈത്തിൽ വിസാ ഓൺ അറൈവൽ സൗകര്യം ലഭിക്കും. യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രാലയങ്ങളുടെ പ്രഖ്യാപനമനുസരിച്ച്, സാധുതയുള്ള റെസിഡൻസി പെർമിറ്റുള്ള വിദേശ പൗരന്മാർക്കാണ് കുവൈത്തിൽ വിസാ ഓൺ അറൈവൽ ലഭിക്കുക.

നേരത്തെ, ജിസിസി താമസ വിസയുള്ള വിദേശ പാസ്‌പോർട്ട് ഉടമകൾക്ക് കുവൈത്തിലേക്ക് പോകുന്നതിന് മുൻപ് ഇ-വിസ ലഭിക്കേണ്ടതുണ്ടായിരുന്നു. ഇനി മുതൽ ജിസിസി നിവാസികൾക്ക് വിമാനത്താവളത്തിലെ വിസാ കൗണ്ടറിൽ നിന്ന് ടൂറിസ്റ്റ് വിസ നൽകുമെന്നാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വെബ്‌സൈറ്റിൽ അറിയിച്ചിരിക്കുന്നത്. ഇത് മൂന്ന് മാസത്തേക്ക് സാധുതയുള്ള വിസയാണ് ലഭിക്കുക.

വിനോദ സഞ്ചാരികൾക്ക് ഓൺ അറൈവൽ വിസ ലഭിക്കുന്നതിന് പാലിക്കേണ്ട നിബന്ധനകൾ:

ഡോക്റ്റർ, അഭിഭാഷകൻ, എൻജിനീയർ, അധ്യാപകൻ, ജഡ്ജ്, കൺസൾട്ട ന്‍റ്, പബ്ലിക് പ്രോസിക്യൂഷൻ അംഗങ്ങൾ, യൂണിവേഴ്സിറ്റി അധ്യാപകൻ, പത്രപ്രവർത്തകൻ, പ്രസ് & മീഡിയ സ്റ്റാഫ്, പൈലറ്റ്, സിസ്റ്റം അനലിസ്റ്റ്, ഫാർമസിസ്റ്റ്, കമ്പ്യൂട്ടർ പ്രോഗ്രാമർ, മാനേജർ, ബിസിനസുകാരൻ, നയതന്ത്ര ഉദ്യോഗസ്ഥൻ വാണിജ്യ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഉടമകൾ, സർവകലാശാല ബിരുദധാരികൾ എന്നിവയിൽ ഒരാളായിരിക്കണം അപേക്ഷകൻ

യാത്രക്കാരന് സാധുവായ പാസ്‌പോർട്ട് ഉണ്ടായിരിക്കണം. കുവൈത്തിലേക്കുള്ള യാത്രാ തീയതി മുതൽ ആറ് മാസത്തിൽ കൂടുതൽ സാധുതയുള്ള പാസ്‌പോർട്ടും, ജിസിസി റസിഡൻസ് പെർമിറ്റും ഉണ്ടായിരിക്കണം.

യാത്ര ചെയ്യുന്നയാൾ കുവൈത്തിൽ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെട്ടയാളാവരുത്. യാത്രക്കാരൻ റിട്ടേൺ ടിക്കറ്റ് കൈവശം വയ്ക്കണം. വിമാനത്താവളത്തിലെ വിസാ കൗണ്ടറിൽ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ യാത്രക്കാരൻ കുവൈത്തിലെ തന്‍റെ താമസ വിലാസം രജിസ്റ്റർ ചെയ്യണം.

കുവൈത്തിൽ ഈ വർഷം ജൂലൈയിൽ ടൂറിസ്റ്റ്, ഫാമിലി, ബിസിനസ്, ഔദ്യോഗിക വിസകൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു രാജ്യ വ്യാപക ഇ-വിസ പ്ലാറ്റ്‌ഫോം ആരംഭിച്ചിരുന്നു.

ജിസിസി രാജ്യങ്ങൾക്കുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നിലവിൽ വരും. ഇതനുസരിച്ച്, യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ ആറ് അംഗ രാജ്യങ്ങളിൽ വിദേശ വിനോദ സഞ്ചാരികൾക്ക് ഒറ്റ വിസയിൽ സന്ദർശനം നടത്താൻ  സാധിക്കും.

12 കോടി വായ്പ തട്ടിപ്പ് നടത്തിയെന്ന് അൻവറിനെതിരേ പരാതി; മലപ്പുറം കെഎഫ്സിയിൽ വിജിലൻസ് പരിശോധന

ചൈനീസ് വിദേശകാര‍്യ മന്ത്രി ഇന്ത‍്യയിലേക്ക്; അജിത് ഡോവലുമായി ചർച്ച നടത്തും

പാലിയേക്കരയിൽ പൊതു ജനങ്ങൾക്ക് നൽകിയിരുന്ന എല്ലാ സേവനങ്ങളും കരാർ കമ്പനി നിർത്തി വച്ചു

മീൻ സുലഭം, വില കുറയുന്നു | Video

ശ്വേത മേനോനെതിരായ പരാതിയിൽ ഗൂഢാലോചന; ഹൈക്കോടതിയിൽ ഹർജി