വി.എസ്. അച്യുതാനന്ദൻ

 

file image

Pravasi

വിഎസിന്‍റെ വിയോഗം: അനുശോചനം

പ്രവാസി ക്ഷേമനിധി, മലയാളം മിഷൻ, നോർക്ക എന്നിവയൊക്കെ നടപ്പിലാക്കിയത് അദ്ദേഹത്തിന്‍റെ കൂടി ഇടപെടൽ മൂലമാണ്.

ഷാർജ ഇന്ത്യൻ അസോസിയേഷൻ വി.എസ്. അച്യുതാനന്ദന്‍റെ നിര്യാണത്തിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സ്വാതന്ത്ര്യ സമര സേനാനി, അധഃസ്ഥിതരുടെ അവകാശങ്ങൾക്കായി ആജീവനാന്തം പോരാട്ടവീര്യം പുലർത്തിയയാൾ, കേരളത്തിന്‍റെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ ഉന്നത വ്യക്തിത്വം എന്നിവയാൽ സമ്പന്നനായ അച്യുതാനന്ദൻ പ്രതിബദ്ധത, സമഗ്രത, പൊതുസേവനം എന്നിവയുടെ പ്രതീകമായിരുന്നുവെന്ന് ഐഎഎസ് പ്രസിഡന്‍റ് നിസാർ തളങ്കര അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സഹപ്രവർത്തകർക്കും അനുയായികൾക്കും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും, അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും അദ്ദേഹം സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

ഓർമ

ദുബായ്: അടിസ്ഥാന വർഗത്തിന് കനത്ത നഷ്ടമാണ് വി.എസിന്‍റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് ഓർമ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഏറ്റവും പാവപ്പെട്ടവന് വേണ്ടി എന്നും നിലകൊണ്ട നേതാവായിരുന്നു വി.എസ്. അനീതിക്കെതിരെ അദ്ദേഹം നിരന്തരം ശബ്‌ദിച്ചു കൊണ്ടിരുന്നു പ്രവാസികൾക്കായി നിരവധി കാര്യങ്ങൾ ചെയ്യാൻ അദ്ദേഹം നേതൃത്വം കൊടുത്തു.

പ്രവാസി ക്ഷേമനിധി, മലയാളം മിഷൻ, നോർക്ക എന്നിവയൊക്കെ നടപ്പിലാക്കിയത് അദ്ദേഹത്തിന്‍റെ കൂടി ഇടപെടൽ മൂലമാണ്. പ്രവാസികളോടു ഏറ്റവും കരുതൽ കാട്ടിയിരുന്ന ഭരണാധികാരിയായിരുന്നു വി.എസെന്ന് പ്രവാസി ക്ഷേമ ബോർഡ് ഡയറക്റ്റർ എൻ.കെ. കുഞ്ഞഹമ്മദ് അനുസ്മരിച്ചു.

അബുദാബി കേരള സോഷ്യൽ സെന്‍റർ

അബുദാബി: അരികുവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി ജീവിതം സമരായുധമാക്കിയ വി.എസ്. അച്യുതാനന്ദൻ സാധാരണക്കാരുടെ പ്രതീക്ഷയും പ്രത്യാശയുമായി തിളങ്ങി നിന്ന വ്യക്തിത്വത്തിനുടമയായിരുന്നുവെന്ന് അബുദാബി കേരള സോഷ്യൽ സെന്‍റർ (കെഎസ്സി) അനുശോചന സന്ദേശത്തിൽ അറിയിച്ചു. കേരള സോഷ്യൽ സെന്‍റർ രണ്ടു തവണ സന്ദർശിച്ചിട്ടുള്ള അദ്ദേഹം സംഘടനാ പ്രവർത്തന രംഗത്ത് കാർക്കശ്യം വച്ച് പുലർത്തുമ്പോഴും, വ്യക്തി ജീവിതത്തിൽ എളിമയും ലാളിത്യവും നിലനിർത്താൻ പ്രയത്നിച്ചിരുന്നുവെന്ന് ആക്റ്റിങ് പ്രസിഡന്‍റ് ആർ. ശങ്കറും ആക്റ്റിങ് ജന.സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിലും അനുശോചന സന്ദേശത്തിൽ പറഞ്ഞു. വേൾഡ് കെഎംസിസി ജനറൽ സെക്രട്ടറി പുത്തൂർ റഹ്‌മാൻ

പുന്നപ്ര-വയലാർ സമര നായകനും, കേരള മുഖ്യമന്ത്രിയുമായി ജനമനസ്സിൽ ചേക്കേറിയ നേതാവായിരുന്നു വി.എസ്. അച്യുതാനന്ദനെന്ന് വേൾഡ് കെഎംസിസി ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്മാൻ അഭിപ്രായപ്പെട്ടു. ജനകീയ നായകനെന്ന നിലയിലുള്ള കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹമെന്നു പറയാമെന്നും, പുത്തൂർ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. ഇൻകാസ് യുഎഇ ഓർഗ. ജനറൽ സെക്രട്ടറി എസ്.എം. ജാബിർ

സമര വീര്യവും നിലപാടിലെ ആർജവവും വ്യക്തിജീവിതവും കൊണ്ടു രാഷ്ട്രീയ എതിരാളികൾക്കും വി.എസ്‌ ഒരു പാഠപുസ്തകം ആയിരുന്നുവെന്ന് ഇൻകാസ് യുഎഇ ഓർഗ.ജനറൽ സെക്രട്ടറി എസ്.എം. ജാബിർ പറഞ്ഞു. കമ്മ്യൂണിസ്റ്റായി ജീവിച്ചു കമ്മ്യൂണിസ്റ്റ്‌ ആയി മരിച്ച, വിപ്ലവകാരിക്ക് ഇൻകാസ് യുഎഇയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും ജാബിർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ശക്തി തിയറ്റേഴ്‌സ്

അബുദാബി: പാവപ്പെട്ടവരോടും സാധാരണക്കാരോടും ഒപ്പം എന്നും നിലകൊണ്ട വി.എസ്. അച്യുതാനന്ദൻ പാർശ്വവത്ക്കരിക്കപ്പെട്ടവർക്കു വേണ്ടി നിരന്തരം പോരാടിയ സമര പോരാളിയായിരുന്നുവെന്ന് ശക്തി തിയറ്റേഴ്‌സ് അബുദാബി അനുശോചന കുറിപ്പിൽ പറഞ്ഞു. മർദിതരോടും ചൂഷിതരോടുമുള്ള പക്ഷപാതം പോലെ സ്ത്രീകളുടെ അന്തസിനും അഭിമാനത്തിനും വേണ്ടി വി.എസ് ശക്തമായ നിലപാടുകൾ സ്വീകരിച്ചു പോന്നിരുന്നുവെന്നും ശക്തി തിയറ്റേഴ്‌സ് പ്രസിഡന്‍റ് കെ.വി. ബഷീർ, ജന.സെക്രട്ടറി എ.എൽ. സിയാദ് എന്നിവർ അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

മലയാളം മിഷൻ അബുദാബി

പ്രവാസി മലയാളികള്‍ക്ക് മലയാള ഭാഷാ പഠനത്തിന് അവസരം ഒരുക്കുന്നതിനായി 'എവിടെയെല്ലാം മലയാളി ഉണ്ടോ അവിടെയെല്ലാം മലയാളം' എന്ന സന്ദേശവുമായി കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച മലയാളം മിഷന്‍ എന്ന സംവിധാനത്തിന് രൂപം നൽകിയത് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയായിരുന്നു. 2009 ഒക്റ്റോബര്‍ 22ന് വി.എസ് എല്ലാ പ്രവാസി മലയാളികള്‍ക്കുമായി സമർപ്പിച്ച മലയാളം മിഷന്‍ അതിന്‍റെ ലക്ഷ്യ പ്രാപ്തിയിലെത്തിനിൽക്കുന്ന കാലത്താണ് വി.എസ് വിട പറഞ്ഞിരിക്കുന്നത്. മാതൃ ഭാഷയും സംസ്കാരവും നിലനിർത്തിക്കൊണ്ടു പോകുന്നതിനും അവ പരിപോഷിപ്പിക്കുന്നതിനും വി.എസ് അച്യുതാനന്ദൻ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്‍റ് സഫറുള്ള പാലപ്പെട്ടി, സെക്രട്ടറി ബിജിത് കുമാർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മലയാളം മിഷൻ അക്കാദമിക് കൗൺസിൽ അംഗവും യുഎഇ കോഡിനേറ്ററുമായ കെ.എൽ. ഗോപി

മലയാളം മിഷൻ സ്ഥാപകൻ വി.എസിന്‍റെ നിര്യാണത്തിൽ മലയാളം മിഷൻ അക്കാദമിക് കൗൺസിൽ അംഗവും യുഎഇ കോഡിനേറ്ററുമായ കെ.എൽ. ഗോപി അനുശോചനം രേഖപ്പെടുത്തി. കേരളത്തിൽ നിന്നും അകന്നു ജീവിക്കുന്ന മലയാളി കുടുംബങ്ങളിൽ ഭാഷയുടെ വേരുകൾ ഉറപ്പിക്കുന്നതിന് വി.എസ് നടത്തിയ ശ്രമങ്ങളാണ് മലയാളം മിഷൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് കളമൊരുക്കിയത്. ആദ്യ ഘട്ടത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളെ കാലാനുസൃതമായി പരിഷ്കരിക്കുകയും വിപുലീകരിക്കുകയും ചെയ്തുകൊണ്ട് മലയാളം മിഷൻ ഇന്ന് മികച്ച ഭാഷാ സാംസ്കാരിക പ്രവർത്തനമായി മാറിയിരിക്കുകയാണ്. -അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ബഹ്‌റൈൻ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം

മനാമ: വി.എസ്. അച്യുതാനന്ദന്‍റെ വിയോഗത്തിൽ ബഹ്‌റൈൻ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്‍റെ വിയോഗം കേരള ജനതക്ക് വലിയ നഷ്ടമാണെന്നും പകരം വെക്കാനില്ലാത്ത നേതാവിനെയാണ് നഷ്ടമായതെന്നും അനുശോചന സന്ദേശത്തിൽ പ്രസിഡന്‍റ് സുധീർ തിരുന്നിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ് ,ട്രഷറർ സുജിത്ത് സോമൻ എന്നിവർ  പറഞ്ഞു.

''പുതിയ ഉപരാഷ്ട്രപതിയെ ഉടൻ തെരഞ്ഞെടുക്കും''; നടപടികൾ ആരംഭിച്ചതായി ഇലക്ഷൻ കമ്മിഷൻ

ജപ്പാനുമായി വ്യാപര കരാർ പ്രഖ്യാപിച്ച് ട്രംപ്

സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ സംസാരിച്ച് നിൽകുന്നത് ഇഷ്ടപ്പെട്ടില്ല, യുവാവിനെ ആക്രമിച്ചു; പ്രതികൾ അറസ്റ്റിൽ

ജസ്റ്റിസ് യശ്വന്ത് വർമയുടെ ഹർജി പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീംകോടതി

വളളം പുലിമുട്ടിലിടിച്ച് തകർന്നു; മത്സ്യത്തൊഴിലാളികൾക്ക് പരുക്ക്