യുഎഇ യിൽ വിൻസ്‌മെര ജൂവൽസ്: ഉദ്‌ഘാടനത്തിന് മോഹൻലാലെത്തും
ദുബായ്: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ വിൻസ്‌മെര ജൂവൽസ് രണ്ട് ദിവസത്തിനുള്ളിൽ യുഎഇ യിൽ മൂന്ന് ഷോറൂമുകൾ ആരംഭിക്കുന്നു. ഷാർജ, ദുബായ്, അബുദാബി എന്നിവിടങ്ങളിലായിരിക്കും പുതിയ ശാഖകൾ പ്രവർത്തനമാരംഭിക്കുകയെന്ന് മാനേജ്മെന്‍റ് പ്രതിനിധികൾ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യൻ സിനിമയുടെ ഇതിഹാസ നടനും വിൻസ്‌മെരയുടെ ബ്രാൻഡ് അംബാസഡറുമായ പത്മഭൂഷൺ മോഹൻലാൽ മൂന്ന് ഷോറൂമുകളുടെയും ഉദ്ഘാടനം നിർവഹിക്കും. ശനിയാഴ്‌ച വൈകീട്ട് 7ന് ഷാർജ റോളയിലും, ഞായറാഴ്ച രാവിലെ 11 മണിക്ക് ദുബായ് കരാമ സെന്‍ററിലും അതേദിവസം വൈകീട്ട് 7 മണിക്ക് അബുദാബി മുസഫയിലുമായാണ് ഉദ്ഘാടനചടങ്ങുകൾ സജീകരിച്ചിരിക്കുന്നത്.
ഈ മൂന്നു ഷോറൂമുകളുടെ ഉദ്ഘാടനത്തോടെ വിൻസ്‌മെരയുടെ ഗുണമേന്മ, നിർമാണ വൈദഗ്ധ്യം, ആഭരണങ്ങളുടെ ശില്പ ഭംഗി മുതലായവ യുഎഇ യിലെ ഉപയോക്താക്കൾക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
മോഹൻലാലിന്‍റെ സാന്നിധ്യം ഈ സവിശേഷ സന്ദർഭങ്ങളിൽ തങ്ങൾക്ക് അത്യന്തം അഭിമാനവും പ്രചോദനവും നൽകുന്നതാണെന്ന് വിൻസ്‌മെര ജൂവൽസ് ചെയർമാൻ ദിനേശ് കാമ്പ്രത്ത് അഭിപ്രായപ്പെട്ടു. വിൻസ്‌മെരയുടെ സൃഷ്ടികൾ പാരമ്പര്യത്തെയും ആധുനിക ഡിസൈനുകളെയും അതിമനോഹരമായി സംയോജിപ്പിച്ച് ആരും കൊതിച്ച് പോകുന്ന അനുഭൂതിയാക്കി മാറ്റുന്നുവെന്ന് മോഹൻലാൽ അഭിപ്രായപെട്ടതായി അദ്ദേഹം പറഞ്ഞു.