അമേരിക്കന്‍ ഉപരോധത്തെ നേരിടാന്‍ ഇറാനു നാലുമാസം വരെ കഴിയുമെന്നു സിഐഎ

 
World

അമേരിക്കന്‍ ഉപരോധത്തെ നേരിടാന്‍ ഇറാനു നാലുമാസം വരെ കഴിയുമെന്നു സിഐഎ

ഇറാന് മേൽ സമ്മർദ്ദം ചെലുത്താനുള്ള വാഷിങ്ടണിന്‍റെ ശ്രമങ്ങൾക്ക് ഇത് തിരിച്ചടി

Reena Varghese

വാഷിങ്ടൺ: അമെരിക്കൻ ഉപരോധത്തെ നേരിടാൻ ഇറാന് നാലുമാസം വരെ കഴിയുമെന്ന് അമെരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ റിപ്പോർട്ട്. അമെരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾക്ക് പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തു വന്നിരുന്നത്.

ഇറാന്‍റെ തുറമുഖങ്ങളിൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധത്തെ മാസങ്ങളോളം പ്രതിരോധിക്കാൻ ടെഹ്റാന് കഴിയുമെന്നാണ് സിഐഎയുടെ വിലയിരുത്തൽ. ഇത് ഇറാന് മേൽ സമ്മർദ്ദം ചെലുത്താനുള്ള വാഷിങ്ടണിന്‍റെ ശ്രമങ്ങൾക്ക് തിരിച്ചടിയായേക്കും. ദി വാഷിങ്ടൺ പോസ്റ്റ് ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഏപ്രിൽ ഏഴിലെ വെടിനിർത്തലിന് ശേഷം ഈ ആഴ്ചയാണ് മേഖലയിൽ ഏറ്റവും ശക്തമായ ഏറ്റു മുട്ടലുകൾ നടന്നത്. ഇതിനിടെ, ഇറാനിൽ നിന്ന് അയച്ച രണ്ടു ബാലിസ്റ്റിക് മിസൈലുകളും മൂന്നു ഡ്രോണുകളും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് അറിയിച്ചു. ആക്രമണത്തിൽ മൂന്നു പേർക്കു പരിക്കേറ്റതായും യുഎഇ അധികൃതർ വ്യക്തമാക്കി.

യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച യുഎസ് നിർദേശത്തിന് ഇറാന്‍റെ മറുപടിക്കായി വാഷിങ്ടൺ കാത്തിരിക്കുകയാണ്. ഇറാനിൽ നിന്ന് മറുപടി ഉടൻ പ്രതീക്ഷിക്കുന്നതായാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. എന്നാൽ ഔദ്യോഗികമായ മറുപടി നൽകാതെ ഇറാൻ വിദേശകാര്യ മന്ത്രാലയം വിഷയം പരിഗണനയിൽ ആണെന്നു മാത്രമാണ് അറിയിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച ഹോർമൂസ് കടലിടുക്കിൽ ഇറാൻ-യുഎസ് സേനകൾ തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നതായി ഇറാന്‍റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇനിയും സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന് സൈനിക വൃത്തങ്ങൾ സൂചിപ്പിച്ചു. ഇറാന്‍റെ തുറമുഖത്തേയ്ക്ക് പ്രവേശിക്കാൻ ശ്രമിച്ച രണ്ടു കപ്പലുകളെ അമെരിക്കൻ യുദ്ധവിമാനങ്ങൾ ആക്രമിക്കുകയും അവയെ പിന്തിരിപ്പിക്കുകയും ചെയ്തു.

ഫെബ്രുവരി 28 ന്‍റ് ഇറാനിൽ ഉടനീളം യുഎസ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയതോടെയാണ് നിലവിലെ സംഘർഷങ്ങൾ ആരംഭിച്ചത്. തുടർന്ന് ഹോർമൂസ് കടലിടുക്കിലൂടെയുള്ള വിദേശ കപ്പലുകളുടെ സഞ്ചാരത്തിന് ഇറാൻ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മേഖലയിലെ സംഘർഷത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 111 ഡോളറിന് മുകളിലെത്തി.

സവർക്കർ അതുല്യനും നിർഭയനുമായ വിപ്ലവകാരിയെന്ന് ഉപരാഷ്ട്രപതി; ആൻഡമാനിലെ സെല്ലുലാർ ജയിലിൽ സന്ദർശനം നടത്തി സി.പി. രാധാകൃഷ്ണൻ

അപകടമുണ്ടായി ഒൻപതാം ദിനം; കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു

2026ൽ ക്യാനഡ ഇതുവരെ നാടുകടത്തിയത് 3,323 ഇന്ത്യന്‍ പൗരൻമാരെയെന്ന് റിപ്പോർട്ട്

യുപിഐ ഉപയോക്താക്കളിൽനിന്ന് നിരക്ക് ഈടാക്കില്ല; ഭൂരിഭാഗം ഇടപാടുകളും വ്യാപാരികൾക്കും സൗജന്യമായി തുടരും: കേന്ദ്ര സർക്കാർ

അർജുൻ ആയങ്കിയുടെ സഹായികൾക്ക് ജാമ്യം