ഐസിഇ ഉദ്യോഗസ്ഥർക്ക് വൈദ്യുതാഘാതം ഏൽപ്പിക്കുന്ന ഗ്ലൗസുകൾ നൽകാൻ തീരുമാനം

 
World

ഐസിഇ ഉദ്യോഗസ്ഥർക്ക് വൈദ്യുതാഘാതം ഏൽപ്പിക്കുന്ന ഗ്ലൗസുകൾ നൽകാൻ തീരുമാനം

ഗ്ലൗസുകളുടെ ദുരുപയോഗം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നു രൂക്ഷ വിമർശനം

Reena Varghese

വാഷിങ്ടൺ: അനധികൃത കുടിയേറ്റക്കാരെ പിടികൂടുന്ന ഉദ്യോഗസ്ഥർക്ക് വൈദ്യുതാഘാതം നൽകാൻ കഴിയുന്ന പ്രത്യേക ഗ്ലൗസുകൾ നൽകാനുള്ല അമെരിക്കൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റിന്‍റെ (ICE) നീക്കത്തിനെതിരേ കടുത്ത വിമർശനം. മനുഷ്യാവകാശ പ്രവർത്തകരും ഡെമോക്രാറ്റിക് നേതാക്കളും നടപടി അനാവശ്യവും നീചവുമാണെന്ന് ആരോപിച്ചു.

‘GLOVE’ എന്നറിയപ്പെടുന്ന ഉപകരണം സാധാരണ പട്രോൾ ഗ്ലൗസ് പോലെയാണ്. എന്നാൽ ഉദ്യോഗസ്ഥൻ ബട്ടൺ അമർത്തുമ്പോൾ ഗ്ലൗസിൽ വൈദ്യുത പ്രവാഹം സജീവമാകും ചർമത്തിൽ നേരിട്ടു സ്പർശിപ്പിച്ചാൽ വേദനയുണ്ടാക്കുന്ന വൈദ്യുതാഘാതമാണ് നൽകുന്നത്. ഗ്ലൗസുകൾ വാങ്ങുന്നതിനും ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യുന്നതിനും പത്തു മില്യൺ മുതൽ ഇരുപതു മില്യൺ ഡോളർ വരെ ചെലവഴിക്കാൻ ഐസിഇ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.

‘Generated Low Output Voltage Emitter’ എന്നതിന്‍റെ ചുരുക്കപ്പേരാണ് GLOVE.എതിർപ്പ് പ്രകടിപ്പിക്കുന്നവരെ അനുസരിപ്പിക്കാനാണ് പ്രധാനമായും ഈ ഉപകരണം ഉപയോഗിക്കൂ എന്നാണ് അധികൃതരുടെ വിശദീകരണം. ടേസറുകളിൽ നിന്ന് വ്യത്യസ്തമായി ഈ ഗ്ലൗസുകൾ ഉപയോഗിക്കുമ്പോൾ പൊള്ളലിന്‍റെയോ വൈദ്യുതാഘാതത്തിന്‍റെ വ്യക്തമായ പാടുകളുടെയോ സാധ്യത വളരെ കുറവാണെന്നാണ് നിർമാതാക്കളുടെ അവകാശ വാദം. ഗ്ലൗസുകൾ ഉപയോഗിച്ചുള്ള ബലപ്രയോഗം ജയിലുകളിൽ നേരത്തെ ഉണ്ടായിരുന്നെങ്കിലും തെരുവുകളിലെ ഐസിഇ നടപടികളിൽ ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം വർധിക്കുമോ എന്നതാണ് പ്രധാന ആശങ്ക.

ഗ്ലൗസുകളുടെ ദുരുപയോഗം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കാമെന്ന മുന്നറിയിപ്പും ഉയർന്നിട്ടുണ്ട്. 2024ൽ കെന്‍റക്കിയിലെ റിച്ച്മണ്ടിൽ ജയിലിൽ 43കാരനായ ഒരാളെ ഗ്ലൗസ് ഉപയോഗിച്ച് 27 തവണയും തുടർന്ന് ടേസർ ഉപയോഗിച്ച് 13 തവണയും വൈദ്യുതാഘാതം നൽകിയതിനെ തുടർന്ന് മരിച്ചു എന്നാണ് നിലവിലുള്ള ഒരു കേസിലെ ആരോപണം. സംഭവത്തെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണത്തിൽ ഗ്ലൗസ് ഉപയോഗിച്ചുള്ള രണ്ടു വൈദ്യുതാഘാതങ്ങൾ യഥാക്രമം 45 സെക്കൻഡും 99 സെക്കൻഡും നീണ്ടതായി കണ്ടെത്തി.

എന്നാൽ നിർമാതാക്കൾ ശുപാർശ ചെയ്ത പരമാവധി സമയം 15 സെക്കൻഡ് മാത്രമാണ്. ഇത്തരം നടപടികൾ അനാവശ്യ വേദന മാത്രമല്ല, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുടെ സാധ്യതയും വർധിപ്പിച്ചതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര വൈകല്യമുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കെതിരെ ഗ്ലൗസ് ഉപയോഗിക്കരുതെന്ന് നിര്‍മാതാക്കള്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒന്നര ദശാബ്ദത്തിനിടെ ഇതാദ്യമായി അമെരിക്കയിൽ ഒരേ ദിവസം മൂന്നു വധശിക്ഷകൾ

ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്: നിയമസഭാ മാർച്ചിൽ പങ്കെടുത്ത 300 പേർക്കെതിരേ കേസ്

ബംഗാളിൽ മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നീക്കിയോ? സംസ്ഥാന സർക്കാരിനോട് കൽക്കട്ട ഹൈക്കോടതി

ഇന്ത‍്യയുടെ ശ്രീലങ്കൻ പര‍മ്പര; മൂന്ന് സ്പിന്നർമാരെ കളത്തിലിറക്കുമെന്ന് മോർക്കൽ

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇഡിക്കും സർക്കാരിനും തിരിച്ചടി; ജാമ്യം റദ്ദാക്കണമെന്ന ഹർ‌ജി ഹൈക്കോടതി തള്ളി