സ്‌നാപ് പദ്ധതിക്കുള്ള ഫണ്ട്: ട്രംപിന് ആശ്വാസം
file photo
വാഷിങ്ടൺ: അടച്ചു പൂട്ടലിലൂടെ ദുരിതക്കയത്തിൽ ആയ അമെരിക്കയിൽ ഭക്ഷ്യ സുരക്ഷാ പദ്ധതിയായ സപ്ലിമെന്‍റൽ ന്യൂട്രീഷൻ അസിസ്റ്റന്‍റ് പ്രോഗ്രാമിനുള്ള(സ്നാപ്) ഫണ്ട് പൂർണമായും നൽകണമെന്നുള്ള ഫെഡറൽ കോടതി ഉത്തരവ് സുപ്രീം കോടതി താൽക്കാലികമായി റദ്ദാക്കിയത് ട്രംപ് ഭരണകൂടത്തിന് ആശ്വാസമായി. എന്നാൽ സാധാരണക്കാരായ യുഎസ് പൗരന്മാരെ ഇതെങ്ങനെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.
സുപ്രീം കോടതി ജസ്റ്റിസ് കെറ്റാൻജി ബ്രൗൺ ജാക്സണാണ് കീഴ്ക്കോടതി വിധി താൽക്കാലികമായി റദ്ദാക്കിയത്. ഈ വിഷയത്തിൽ അന്തിമ വിധി വരുന്നതു വരെ സ്റ്റേ ഉത്തരവ് തുടരുമെന്ന് ജസ്റ്റിസ് ജാക്സൺ വിധി പ്രസ്താവനയിൽ വ്യക്തമാക്കി.റോഡ് ഐലൻഡ് ഫെഡറൽ ജഡ്ജി ജോൺ മക്കോനൽ പുറപ്പെടുവിച്ച ഉത്തരവിൽ വെള്ളിയാഴ്ചയ്ക്കുള്ളിൽ നവംബർ മാസത്തേയ്ക്കുള്ള സ്നാപ് ആനുകൂല്യം പൂർണമായും അനുവദിക്കണമെന്ന നിർദേശം പുറപ്പെടുവിച്ചിരുന്നു.
ഇതിനെതിരെ ട്രംപ് ഭരണകൂടം അപ്പീൽ കോടതിയെയും തുടർന്ന് സുപ്രീം കോടതിയെയും സമീപിച്ചാണ് വെള്ളിയാഴ്ച അർധരാത്രി അനുകൂലമായ വിധി സമ്പാദിച്ചത്. ട്രംപ് ഭരണകൂടം സ്നാപ് പദ്ധതിക്കുള്ള പണം സർക്കാർ അടച്ചു പൂട്ടലിനിടെ നിർത്തി വെച്ചത് രാഷ്ട്രീയ സമ്മർദ്ദമാണെന്ന ആരോപണം അതിശക്തമായതിനിടെയാണ് ഇപ്പോൾ സുപ്രീം കോടതിയുടെ ഇടപെടൽ വന്നത്.