യുഎസിൽ ഭരണകൂട സ്തംഭനം
file photo
വാഷിങ്ടൺ: അമെരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പിന്‍റെ പ്രവർത്തനം തടസപ്പെട്ടതിനെ തുടർന്ന് രാജ്യത്തെ വിവിധ ദുരന്ത ബാധിത മേഖലകളിലേയ്ക്ക് വാളണ്ടിയർമാരെ അയയ്ക്കുന്നത് അടിയന്തരമായി നിർത്തി വയ്ക്കാൻ ട്രംപ് ഭരണകൂടം ഉത്തരവിട്ടു. ദുരന്ത നിവാരണ ഏജൻസിയായ ഫെമയോടാണ് നൂറു കണക്കിന് ജീവനക്കാരുടെ വിന്യാസം തടയാൻ നിർദേശിച്ചിരിക്കുന്നത്.
ദുരന്ത നിവാരണ നിധിക്ക് ഭരണകൂടത്തിന്‍റെ സ്തംഭനം ബാധകമല്ല എന്നിരിക്കെയാണ് ഈ അപ്രതീക്ഷിത നടപടി. ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഉത്തരവ് പ്രകാരം ഫെമ ജീവനക്കാരുടെ എല്ലാ യാത്രകളും തടഞ്ഞിരിക്കുകയാണ്. ഇനി മുതൽ ഏതെങ്കിലും ദുരന്തമേഖലയിലേയ്ക്ക് പോകണമെങ്കിൽ ആഭ്യന്തര സുരക്ഷാ വകുപ്പിന്‍റെ പ്രത്യേക അനുമതി വേണം.
പുതിയ ദൗത്യങ്ങൾക്കായി തയാറെടുത്തിരുന്ന മുന്നൂറിലധികം ഉദ്യോഗസ്ഥരോട് പിന്മാറാൻ നിർദേശിച്ചു. ഹെലൻ ചുഴലിക്കാറ്റ് ബാധിച്ച ഫ്ലോറിഡ, നോർത്ത് കരോലിന തുടങ്ങിയ തെക്കൻ സംസ്ഥാനങ്ങളിലെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനെ ഈ തീരുമാനം സാരമായി ബാധിക്കും. നിലവിൽ ദുരന്ത മേഖലകളിൽ ജോലി ചെയ്യുന്നവർ അവിടെത്തന്നെ തുടരണം. എന്നാൽ ഇവർക്ക് പകരക്കാരെ അയയ്ക്കാനോ പുതിയ ജീവനക്കാരെ ചേർക്കാനോ നിലവിൽ അനുമതിയില്ല.
നാശനഷ്ടങ്ങൾ സാക്ഷ്യപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് എത്താൻ കഴിഞ്ഞില്ലെങ്കിൽ പുനരധിവാസ പദ്ധതികൾക്കുള്ള ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്ന് ഫെമ ഉദ്യോഗസ്ഥർ ആശങ്കപ്പെടുന്നു. വാഷിങ്ടൺ, അലാസ്ക തുടങ്ങിയ ഇടങ്ങളിൽ ദുരന്ത നിവാരണ കേന്ദ്രങ്ങൾ തുറക്കാൻ കഴിയാത്തത് ജനങ്ങൾക്ക് സഹായത്തിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനും തടസമാകും. ഭരണഘടനാപരമായ പ്രതിസന്ധി ദുരന്തബാധിതരായ സാധാരണക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.