ദുബായ് ടാക്സി കമ്പനിക്ക് 300 പുതിയ നമ്പർ പ്ലേറ്റുകൾ; 25% ഇലക്ട്രിക് ടാക്സികൾക്ക് 
World

ദുബായ് ടാക്സി കമ്പനിക്ക് 300 പുതിയ നമ്പർ പ്ലേറ്റുകൾ; 25% ഇലക്ട്രിക് ടാക്സികൾക്ക്

ഇത് ദുബായിലെ ഏറ്റവും വലിയ ടാക്സി ഓപറേറ്റർ എന്ന സ്ഥാനം ഉറപ്പിച്ചുവെന്നും അധികൃതർ അവകാശപ്പെട്ടു

Aswin AM

ദുബായ്: ആർടിഎയുടെ ഏറ്റവും പുതിയ ലേലത്തിൽ 300 പുതിയ നമ്പർ പ്ലേറ്റുകൾ ലഭിച്ചതായി ദുബായ് ടാക്സി കമ്പനി (ഡിടിസി) അറിയിച്ചു. ഇത് ദുബായിലെ ഏറ്റവും വലിയ ടാക്സി ഓപറേറ്റർ എന്ന സ്ഥാനം ഉറപ്പിച്ചുവെന്നും അധികൃതർ അവകാശപ്പെട്ടു. ഇതോടെ ഡിടിസിയുടെ ടാക്സി ഫ്‌ളീറ്റ് 6,000 വാഹനങ്ങളായി വർധിപ്പിക്കുകയും ടാക്സി വിപണി വിഹിതം 46% ആയി ഉയരുകയും ചെയ്തു.

കമ്പനിയുടെ ഫ്ലീറ്റ് വിപുലീകരണവും മെച്ചപ്പെടുത്തൽ തന്ത്രവും പ്രകടമാക്കി വിപുലീകരിച്ച ഫ്ളീറ്റ് വാർഷിക വരുമാനത്തിൽ 100 ദശലക്ഷം ദിർഹം അധികമായി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിഇഒ മൻസൂർ റഹ്മ അൽ ഫലാസി അഭിപ്രായപ്പെട്ടു.

2024ൽ ഫ്ലീറ്റ് ഏകദേശം 10% വർധിച്ചു. ഇപ്പോൾ ഞങ്ങളുടെ എല്ലാ വിഭാഗങ്ങളിലുമായി ഏകദേശം 9,000 വാഹനങ്ങളുണ്ട്. ടാക്സികൾ, ലിമോസിനുകൾ, ബസുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വളർച്ച, നവീകരണം, ഉപഭോക്തൃ കേന്ദ്രീകൃത സൊല്യൂഷനുകൾ എന്നിവയിലെ നിക്ഷേപം ദുബായിലെ മുൻനിര ഗതാഗത ഓപറേറ്റർ എന്ന നിലയിലുള്ള ഞങ്ങളുടെ സ്ഥാനത്തെ അടിവരയിടുന്നു എന്നും അദേഹം വ്യക്തമാക്കി.

300 പുതിയ പ്ലേറ്റുകളിൽ 25% ഇലക്ട്രിക് ടാക്സികൾക്കായി അനുവദിക്കും. ഇത് സുസ്ഥിരതയ്ക്കുള്ള കമ്പനിയുടെ പ്രതിബദ്ധത അടിവരയിടുന്നതാണ്. ഏറ്റവും പുതിയ ലോ കാർബൺ മൊബിലിറ്റി സൊല്യൂഷനുകളിലേക്ക് മാറുന്നതിനും 2050ഓടെ ദുബായുടെ നെറ്റ് സീറോ എമിഷൻ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനുമുള്ള കമ്പനിയുടെ നയത്തിന്‍റെ ഭാഗമാണ് ഈ നീക്കമെന്നും അദ്ദേഹം വിശദീകരിച്ചു.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?