ബഹിരാകാശത്തും ആയുധ വിന്യാസം നടത്തിയതായി യുഎസ്
വാഷിങ്ടൺ: ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് അമെരിക്ക. ഇത്തരം ആക്രമണ ശേഷിയുള്ള ആയുധങ്ങൾ കൈവശമുണ്ടെന്ന യുഎസ് സ്പേസ് ഫോഴ്സിന്‍റെ സ്ഥിരീകരണം ഇതാദ്യമായാണ് പുറത്തു വരുന്നത്. ശത്രുക്കളിൽ നിന്നുള്ള ഭീഷണികളിൽ നിന്ന് അമെരിക്കൻ സൈനികരെ സംരക്ഷിക്കുന്നതിനാണ് ‘ഓണ്‍-ഓര്‍ബിറ്റ്’ ആയുധം വിന്യസിച്ചതെന്ന് യുഎസ് എയര്‍ഫോഴ്സ് സെക്രട്ടറി ട്രോയ് മീങ്ക് പറഞ്ഞു. ചൈനയ്ക്കും റഷ്യയ്ക്കുമുള്ള പരോക്ഷ മുന്നറിയിപ്പായാണ് പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.
മേരി ലാൻഡിലെ നാഷണൽ ഹാർബറിൽ നടന്ന വാർഷിക എയർ, സ്പേസ് ആൻഡ് സൈബർ കോൺഫറൻസിലാണ് മീങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ബഹിരാകാശത്ത് വിന്യസിച്ചിരിക്കുന്ന ആയുധം ഏതു തരത്തിലുള്ളതാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. വളർന്നു വരുന്ന ഭീഷണികൾക്ക് എതിരായ ബഹിരാകാശ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഈ ആയുധം ഉപയോഗിക്കുകയെന്ന് അദ്ദേഹം സൂചന നല്‍കി.
അമെരിക്കയെ മിസൈലുകളിൽ നിന്നും മറ്റു വ്യോമാക്രമണ ഭീഷണികളിൽ നിന്നും സംരക്ഷിക്കാനായി ട്രംപ് ഭരണകൂടം‘ഗോള്‍ഡന്‍ ഡോം’ മിസൈല്‍ പ്രതിരോധ സംവിധാനത്തിനുള്ള ബഹിരാകാശ ശേഷികള്‍ അതിവേഗം വികസിപ്പിക്കുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം. ബഹിരാകാശ സൈനികവത്കരണത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. എതിരാളികളുടെ ഉപഗ്രഹങ്ങളെ ലക്ഷ്യമിടാനും അവയുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്താനും കഴിയുന്ന ശേഷികൽ അമെരിക്ക, റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ വികസിപ്പിച്ചു വരുന്നതായി യുഎസ് സ്പേസ് ഫോഴ്സ് വ്യക്തമാക്കി.
സൈനിക ആശയ വിനിമയം, നിരീക്ഷണം, നാവിഗേഷൻ എന്നിവയ്ക്ക് നിർണായകമായ ഉപഗ്രഹങ്ങൾക്കെതിരേയുള്ള ഇത്തരം ശേഷികൾ ഭാവിയിലെ യുദ്ധങ്ങളിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. അമെരിക്കയുടെ പ്രധാന എതിരാളികളായ റഷ്യയും ചൈനയും ബഹിരാകാശത്ത് യുഎസ് താൽപര്യങ്ങൾക്ക് ഭീഷണിയാണെന്നും യുഎസ് സ്പേസ് ഫോഴ്സ് ആരോപിച്ചു. സൈനിക നവീകരണത്തിന്‍റെ ഭാഗമായി ചൈന ബഹിരാകാശ പ്രതി ബഹിരാകാശ ശേഷികള്‍ വികസിപ്പിക്കുകയാണെന്നും റഷ്യ ബഹിരാകാശത്തെ യുദ്ധമേഖലയായി കാണുന്നുവെന്നും യുഎസ് പറയുന്നു.