പ്രതീകാത്മക ചിത്രം 

 

getty images

World

എച്ച് 1 ബി വിസയ്ക്കു ബദൽ-എൽ1, ഒ1 വിസകൾ

കുടിയേറ്റ ഇതര വിസയാണ് എൽ1 വിസ, അസാധാരണ പ്രതിഭാശാലികളായവർക്ക് വേണ്ടിയുള്ളതാണ് ഒ 1 വിസ

Reena Varghese

വാഷിങ്ടൺ: അമെരിക്ക എച്ച്1ബി വിസാ ഫീസ് ഒരു ലക്ഷം ഡോളറാക്കിയതോടെ വിദേശീയരായ വിദഗ്ധ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്ന അമെരിക്കൻ കമ്പനികൾ വെട്ടിലായി. ഈ ഉയർന്ന വിസാഫീസ് മൂലം പല അമെരിക്കൻ കമ്പനികളും വിദേശീയരായ ജീവനക്കാരെ സ്പോൺസർ ചെയ്യാൻ മടിക്കുന്ന അവസ്ഥയിലാണ്. ഇത് ഇന്ത്യയിൽ നിന്നുള്ള ഐടി പ്രൊഫഷണലുകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എച്ച് 1 ബി വിസയ്ക്ക് ബദലായി എൽ1 വിസയെ കൂടുതൽ ആശ്രയിക്കാൻ കമ്പനികൾ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ ഉള്ളത്.

നിലവിൽ പല കമ്പനികളും എച്ച് 1 ബി വിസ സൃഷ്ടിച്ച അനിശ്ചിതത്വം ഒഴിവാക്കാൻ എൽ 1 വിസയെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു. എന്നാൽ എൽ 1 വിസയ്ക്ക് അപേക്ഷിക്കുന്ന ജീവനക്കാരൻ അപേക്ഷിക്കുന്നതിന് തൊട്ടു മുമ്പുള്ള ഒരു വർഷം വിദേശത്ത് ജോലി ചെയ്തിരിക്കണം എന്ന നിബന്ധന പുതിയ നിയമനങ്ങൾക്ക് തടസമാകുന്നുണ്ട്.

എൽ 1 വിസ എന്നാൽ...

ഇത് ഒരു കുടിയേറ്റ ഇതര വിസയാണ്. ബഹുരാഷ്ട്ര കമ്പനികൾക്ക് അവരുടെ ജീവനക്കാരെ യുഎസിലേയ്ക്കു താൽക്കാലികമായി മാറ്റാൻ ഇത് സഹായിക്കുന്നു. കമ്പനിയുടെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാനും പ്രൊജക്റ്റുകൾക്ക് മേൽ നോട്ടം വഹിക്കാനും ജീവനക്കാരുടെ പ്രത്യേക വൈദഗ്ധ്യം പ്രയോജനപ്പെടുത്താനും ഉപകരിക്കുന്ന വിസയാണ് എൽ 1 വിസ. ഇത് രണ്ടു തരത്തിലാണ് ഉള്ളത്.

അത് ഇങ്ങനെ:

എൽ 1 എ വിസ: മാനെജർമാർക്കും എക്സിക്യൂട്ടീവുകൾക്കും വേണ്ടിയാണ് എൽ 1 എ വിസ.

എൽ 1 ബി വിസ: ഇത് കമ്പനിയുടെ ഉൽപന്നങ്ങൾ, സാങ്കേതിക വിദ്യ അല്ലെങ്കിൽ മറ്റ് മേഖലകളിൽ പ്രത്യേക അറിവുള്ള ജീവനക്കാർക്ക് ഉള്ളതാണ്. ഈ വിസയ്ക്ക് അപേക്ഷിക്കുന്ന ജീവനക്കാരനും സ്പോൺസർ ചെയ്യുന്ന തൊഴിലുടമയും ചില യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

അപേക്ഷകർ യോഗ്യതയുള്ള ഒരു ബഹുരാഷ്ട്ര കമ്പനിയിലെ ജീവനക്കാരൻ ആയിരിക്കണം. എൽ1 എ വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് മാനെജീരിയൽ അല്ലെങ്കിൽ എക്സിക്യൂട്ടീവ് തലത്തിലുള്ള ജോലി ചെയ്യാനുള്ള യോഗ്യത ഉണ്ടാകണം. എൽ 1 ബി വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് കമ്പനിയുടെ ഉൽപന്നങ്ങൾ, സേവനങ്ങൾ അല്ലെങ്കിൽ നടപടിക്രമങ്ങളെ കുറിച്ച് പ്രത്യേക അറിവു വേണം.

വിസയ്ക്ക് അപേക്ഷിക്കുന്നതിനു തൊട്ടു മുമ്പുള്ള മൂന്നു വർഷത്തിനുള്ളിൽ ഒരു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തിരിക്കണം. യുഎസ് തൊഴിലുടമയ്ക്ക് വിദേശത്തുള്ള കമ്പനിയുമായി ബന്ധമുണ്ടായിരിക്കണം. യുഎസിൽ ബിസിനസ് നടത്തുകയും ജീവനക്കാരന് ജോലി ചെയ്യാൻ മതിയായ സൗകര്യങ്ങൾ ഒരുക്കുകയും വേണം.

പ്രൊഫഷണലുകൾക്ക് മാത്രം ഒ 1 വിസ:

ഒ 1 വിസ: എൽ 1 വിസയ്ക്കു പുറമേ അസാധാരണ പ്രതിഭാശാലികളായവർക്ക് വേണ്ടിയുള്ള ഒ 1 വിസയെ കുറിച്ചും ചർച്ചകൾ നടക്കുന്നു. എച്ച് 1 ബി പ്രോഗ്രാം വഴി അല്ലാതെ യുഎസിൽ ജോലി തുടരാൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്ക് ഇത് വളരെ നല്ല മാർഗമാണ്.

ഒ 1 എ വിസ: ശാസ്ത്രം, വിദ്യാഭ്യാസം, ബിസിനസ് ,കായികം എന്നീ മേഖലകളിൽ കഴിവു തെളിയിച്ചവർക്ക് ഉള്ളതാണ് ഈ വിസ.

ഒ1 ബി വിസ: കലയിലോ അല്ലെങ്കിൽ സിനിമ, ടിവി വ്യവസായങ്ങളിലോ മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ദേശീയ, അന്തർദേശീയ തലത്തിൽ അംഗീകാരം നേടുകയും ചെയ്തവർക്ക് ഉള്ളതാണ് ഇത്. പരാമർശിക്കപ്പെട്ട തനതു മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കു മാത്രം അപേക്ഷിക്കാനുള്ള വിസയാണ് ഇത്.

കരൂർ ദുരന്തം; മരണസംഖ‍്യ 36 ആയി, പ്രതികരിക്കാതെ വിജയ്

പാലക്കാട് ശ്രീനിവാസൻ വധക്കേസ്; 65-ാം പ്രതിക്കെതിരായ കുറ്റപത്രം സമർപ്പിച്ചു

ദുൽക്കറിനെ വിടാതെ കസ്റ്റംസ്; ഒരു വാഹനം കൂടി പിടിച്ചെടുത്തു

'മല‍യാളി പൊളിയല്ലേ'; ഇംപാക്റ്റ് പ്ലെയർ അവാർഡ് സ്വന്തമാക്കി സഞ്ജു

വാടക മുറിയിൽ പ്രസവം; അസം സ്വദേശിനി മരിച്ചു